തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിലെ എല്ലാ പൗരർക്കും നേറ്റിവിറ്റി കാർഡ് നൽകാനുള്ള നിയമനിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ ചെലവുകൾക്കായി പ്രാഥമികമായി 20 കോടി നീക്കിവെക്കുന്നതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ സംസ്ഥാന സർക്കാരും എൽഡിഎഫും ശക്തമായി എതിർക്കുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു. എസ്‌ഐആറിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. എസ്‌ഐആർ സംബന്ധിച്ച് ശക്തമായ നിലപാടുകൾ കേന്ദ്രസർക്കാരിനെയും സുപ്രീം കോടതിയേയും കേരളം അറിയിച്ചിട്ടുണ്ട്.
എസ്‌ഐആർ നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തലമുറകളായി കേരളത്തിൽ ജീവിച്ചുവരുന്ന ജനങ്ങളുടെ ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനാണ് നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ ആർട്സ് ആന്റ് സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ പഠനം സൗജന്യമാക്കിയതായി ബജറ്റിൽ പ്രഖ്യാപനം.
12-ാം ക്ലാസ് വരെയാണ് ഇത് വരെ കേരളത്തിൽ സൗജന്യ വിദ്യാഭ്യാസമുണ്ടായിരുന്നത്. കൂടാതെ, ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
kerala budget 2026 nativity card legislation will be completed 20 crore allocated




























