(https://moviemax.in/) നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷ. ഹരീഷ് പറയുന്നതുപോലെ 20 ലക്ഷം രൂപ താൻ വാങ്ങിയിട്ടില്ലെന്നും, വാങ്ങിയ 14 ലക്ഷത്തിൽ 7 ലക്ഷം രൂപ ഇതിനകം തിരിച്ചുനൽകിയെന്നും ബാദുഷ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബാക്കിയുള്ള 7 ലക്ഷം രൂപ മാത്രമാണ് ഇനി നൽകാനുള്ളത്. ഹരീഷ് കണാരന്റെ ആരോപണങ്ങൾ തന്റെ കരിയറിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ബാദുഷ ആരോപിച്ചു.
അദ്ദേഹത്തിന് ഞാന്‍ കാശ് കൊടുക്കാനുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്നെ നേരിട്ട് വിളിച്ച് ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറഞ്ഞിട്ടാണോ നമ്മള്‍ ഒരാളുടെ കൈയില്‍ നിന്ന് കാശ് വാങ്ങുന്നത്? സിനിമയില്‍ നിന്ന് എത്രയോ ആള്‍ക്കാര്‍ തമ്മില്‍ കൊടുക്കല്‍വാങ്ങല്‍ ഒക്കെയുണ്ട്.
'കിട്ടാത്തവര്‍ എല്ലാം വന്ന് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവും? ഇദ്ദേഹം തന്നെ ഒരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ത്തന്നെ എത്രയോ പേര്‍ക്ക് പൈസ കൊടുക്കാനുണ്ട്. അവരെല്ലാവരും കൂടി സോഷ്യല്‍ മീഡിയയില്‍ വന്ന് പറയണോ? അദ്ദേഹം നിര്‍മ്മിച്ച സിനിമയില്‍ അദ്ദേഹം എന്നെ വിളിച്ച് അഭിനയിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ ഒരു സൗഹൃദമുള്ള ആള്‍ക്കാരാണ്. എന്തിനാണ് അദ്ദേഹം ഇങ്ങനെ പെട്ടെന്ന് ഒരു എടുത്തുചാട്ടം കാണിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല', ബാദുഷ പറയുന്നു.
ഇതിന്‍റെ പിന്നില്‍ ആരൊക്കെയോ എന്തൊക്കെയോ പ്രവര്‍ത്തനങ്ങള്‍ ഇയാളുടെ പിന്നില്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം എനിക്ക് തോന്നിയിട്ടുണ്ട്. പിന്നില്‍ ആരോ ഉണ്ട് എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. എന്‍റെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ സംഭവമെല്ലാം ഉണ്ടാവുന്നത്. ആ സിനിമ ഇറങ്ങരുതെന്ന് ആഗ്രഹിക്കുന്ന ആരോ ഇതിന്‍റെ പിന്നില്‍ ഉണ്ടായിരിക്കാം. ഈ പ്രസ്താവന വന്നതിന് ശേഷം എന്‍റെ പടമിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞിരുന്ന പലരും പിന്മാറി, ബാദുഷയുടെ വാക്കുകള്‍. അതേസമയം തന്‍റെ പേര് നിര്‍മ്മാതാവായി ഉള്ള ഉല്ലാസ പൂത്തിരി എന്ന ചിത്രത്തിന്‍റെ ശരിക്കുമുള്ള നിര്‍മ്മാതാവ് താനല്ലെന്ന് ഹരീഷ് പറഞ്ഞിരുന്നു. അതില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം തനിക്കും കിട്ടിയിട്ടില്ലെന്നും അതിനാല്‍ നിര്‍മ്മാതാവ് തന്‍റെ പേര് കൂടി നിര്‍മ്മാതാവ് എന്ന നിലയില്‍ ചേര്‍ക്കുകയായിരുന്നെന്നും ഹരീഷ് പറഞ്ഞിരുന്നു.
'There is someone behind Harish'; Money is to be paid, but not 20 lakhs; Badusha comes out against Harish Kanaran


































