(https://moviemax.in/)ശബരിമല സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തി. കൊച്ചിയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. ഷൂട്ടിംഗ് നടന്നത് പമ്പ ഹിൽടോപ്പിലാണെന്നാണ് അനുരാജ് മൊഴി നൽകിയിരിക്കുന്നത്.
വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്.
പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. എഡിജിപിയാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും സംവിധായകൻ അനുരാജ് മനോഹർ പ്രതികരിച്ചിരുന്നു.
മകരവിളക്കിന് മുൻപായാണ് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അനുമതി തേടി അനുരാജ് മനോഹർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജയകുമാറിനെ സമീപിച്ചത്. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്തു നിന്ന് ഷൂട്ട് ചെയ്തോട്ടെ എന്നാണ് സംവിധായകൻ ചോദിച്ചത്.
സന്നിധാനത്ത് സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് ജയകുമാർ അപ്പോൾത്തന്നെ മറുപടി നൽകി. മകര വിളക്ക് ദിവസം സിനിമാ ചിത്രീകരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് മറികടന്ന് ചിത്രീകരിച്ചുവെന്നാണ് പരാതി.
Sannidhanam shooting controversy; Director Anuraj Manohar's statement recorded


































