(https://moviemax.in/)പത്മഭൂഷൺ പുരസ്കാര നിറവിൽ നിൽക്കുന്ന നടൻ മമ്മൂട്ടിയെ ആദരിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും 'പദയാത്ര' സിനിമയുടെ അണിയറ പ്രവർത്തകരും. പുരസ്കാര ലബ്ധിക്ക് ശേഷം ചിത്രത്തിന്റെ സെറ്റിലെത്തിയ മമ്മൂട്ടിക്ക് അടൂർ ഗോപാലകൃഷ്ണൻ പൊന്നാടയണിയിച്ച് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ ഗ്രേസ് ആന്റണി, ഇന്ദ്രൻസ് എന്നിവരും പങ്കെടുത്തു.
'അനന്തരം', 'മതിലുകൾ', 'വിധേയൻ' എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം 32 വർഷത്തെ ഇടവേള കഴിഞ്ഞാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇതിൽ 'മതിലുകൾ', 'വിധേയൻ' എന്നീ സിനിമകളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
'മമ്മൂട്ടി കമ്പനി'യുടെ എട്ടാമത്തെ നിർമ്മാണ സംരംഭമാണിത്. ദുല്ഖർ സൽമാന്റെ 'വേഫെറർ ഫിലിംസ്' ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഷെഹനാദ് ജലാൽ ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്നു. പ്രവീൺ പ്രഭാകർ (എഡിറ്റിംഗ്), ഷാജി നടുവിൽ (കലാസംവിധാനം), റോണക്സ് സേവ്യർ (ചമയം), എസ്.ബി. സതീശൻ (വസ്ത്രാലങ്കാരം) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.മലയാള സിനിമയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം നേടുന്ന നാലാമത്തെ വ്യക്തിയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.
Adoor Gopalakrishnan honours Padma Bhushan awardee Mammootty on the sets of 'Padayatra'


































