Jan 27, 2026 06:41 PM

‘അനാർക്കലി’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ബോളിവുഡ് താരം കബീർ ബേദി വീണ്ടും ഒരു മലയാള സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അട്ടാവർ സംവിധാനം ചെയ്യുന്ന ‘കൊറഗജ്ജ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. കൊറഗജ്ജ ദൈവത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്ക് എത്തും. പ്രസ്സ് മീറ്റിൽ സംവിധായകൻ സുധീർ അട്ടാവർ, കന്നട സിനിമയിലെ പ്രമുഖ നടി ഭവ്യ, നിർമ്മാതാവ് ത്രിവിക്രം സഫല്യ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തെയും കേരളീയ ഭക്ഷണത്തെയും ഇവിടുത്തെ സിനിമകളെയും ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് മലയാള സിനിമയിൽ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും കബീർ ബേദി പറഞ്ഞു. ദേശീയ അവാർഡുകൾ നേടിയ ചിത്രങ്ങളിൽ ഏകദേശം 25 ശതമാനവും മലയാള സിനിമകളാണെന്നത് മലയാള സിനിമയോടുള്ള തന്റെ പ്രത്യേക ആദരവിന് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്ര പശ്ചാത്തലമുള്ള ‘കൊറഗജ്ജ’ പോലൊരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലെ സന്തോഷവും കബീർ ബേദി പങ്കുവെച്ചു. ഉദ്യാവര അരശു രാജാവിന്റെ വേഷത്തിലാണ് അദ്ദേഹം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

‘കൊറഗജ്ജ’യുടെ ഓഡിയോ അവകാശങ്ങൾ വംസി മ്യൂസിക്കിനാണ്. ത്രിവിക്രം സിനിമാസിന്റെ ബാനറിൽ ത്രിവിക്രം സഫല്യ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സക്സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും പങ്കാളിയാകുന്നു. കർണാടകയിലെ കറാവളി പ്രദേശത്തും തുളുനാട്ടിലും ആരാധിക്കപ്പെടുന്ന പ്രധാന ദൈവങ്ങളിൽ ഒരാളായ കൊറഗജ്ജ ദൈവത്തിന്റെ അത്ഭുതകരമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തിലെ മുത്തപ്പൻ ദൈവാരാധനയുമായി ഈ കഥക്ക് സാമ്യമുണ്ടെന്നും, ഏകദേശം 800 വർഷങ്ങൾക്ക് മുൻപാണ് കഥയുടെ പശ്ചാത്തലമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

കന്നട, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, തുളു എന്നീ ആറു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ആകെ 31 ഗാനങ്ങൾ ചിത്രത്തിലുണ്ട്.

‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ എന്ന ചിത്രത്തിലൂടെ ഡോക്ടർ അമ്പിളി എന്ന കഥാപാത്രമായി മലയാളികൾക്ക് സുപരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷത്തിലാണ് എത്തുന്നത്. കന്നട സിനിമയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ്-ബോളിവുഡ് ചിത്രങ്ങളിലെ പ്രശസ്ത കൊറിയോഗ്രാഫറും ബോൾഡ് ഡാൻസറുമായ സന്ദീപ് സോപാർക്കർ, അടൂർ ഗോപാലകൃഷ്ണന്റെ ‘വിധേയൻ’ എന്ന ചിത്രത്തിൽ അഭിനയിച്ച നവീൻ ഡി. പട്ടേൽ, പ്രശസ്ത നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാള സിനിമയിലെ നിരവധി സാങ്കേതിക വിദഗ്ധർ അണിനിരക്കുന്നുവെന്നതും ‘കൊറഗജ്ജ’യുടെ മറ്റൊരു പ്രത്യേകതയാണ്. ഛായാഗ്രഹണം മനോജ് പിള്ള നിർവഹിക്കുന്നു. എഡിറ്റിംഗ് ജിത്ത് ജോഷും വിദ്യാധർ ഷെട്ടിയും, സൗണ്ട് ഡിസൈൻ ബിബിൻ ദേവും, വിഎഫ്എക്സ് ലെവൻ കുശനും, കളറിസ്റ്റ് ലിജു പ്രഭാകറും, പി.ആർ.ഒ. മഞ്ജു ഗോപിനാഥുമാണ്.

kabir bedi returns to malayalam with film koragajja

Next TV

Top Stories










News from Regional Network