(https://moviemax.in/) വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച കേസിൽ നടൻ നദീം ഖാൻ അറസ്റ്റിൽ. 41 വയസ്സുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ജനുവരി 22നായിരുന്നു അറസ്റ്റ്. നടൻ നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരാതി പ്രകാരം, യുവതി വ്യത്യസ്ത നടന്മാരുടെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നു. നദീം ഖാന്റെ വീട്ടിൽ ജോലിക്ക് കയറിയത് 10 വർഷം മുമ്പാണെന്ന് യുവതി പരാതിയിൽ പറയുന്നു.
കാലക്രമേണ, തങ്ങൾ അടുപ്പത്തിലായെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടർന്ന് നദീം ഖാനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും പരാതിയിൽ വ്യക്തമാക്കി. എന്നാൽ പിന്നീട് നടൻ വിവാഹത്തിന് വിസമ്മതിച്ചതോടെയാണ് യുവതി പരാതി നൽകിയത്.
കേസ് ആദ്യം വെർസോവ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ നടന്റെ മാൽവാനിയിലെ വസതിയിൽ നടന്നതിനാലും, പരാതിക്കാരിയും ആ അധികാരപരിധിയിൽ താമസിക്കുന്നതിനാലും, കേസ് പിന്നീട് മാൽവാനി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ആരോപണങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
രൺവീർ സിങ് നായകനായ 'ധുരന്ധർ' എന്ന ചിത്രത്തിലാണ് ഖാൻ അവസാനമായി അഭിനയിച്ചത്. ധുരന്ധറിൽ അക്ഷയ് ഖന്നയുടെ കഥാപാത്രത്തിന്‍റെ പാചകക്കാരനായ അഖ്‌ലക്കിന്‍റ വേഷമാണ് നദീം അവതരിപ്പിച്ചത്. നീന ഗുപ്തയും സഞ്ജയ് മിശ്രയും അഭിനയിക്കുന്ന വധ് 2 എന്ന ചിത്രമാണ് നദീമിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ളതെന്നാണ് റിപ്പോർട്ട്.
Actor NadeemKhan arrested for molesting his maid for ten years.


































