(https://moviemax.in/) മികച്ച ഗാനരചയിതാവിനുള്ള 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചുകൊണ്ട് വേടൻ (ഹിരൺദാസ് മുരളി) നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. അവാർഡ് വേദിയിൽ അച്ഛനെ സാക്ഷിയാക്കി വേടൻ പങ്കുവെച്ച വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്.
തനിക്ക് ഈ പുരസ്കാരം ലഭിക്കാൻ ഒരേയൊരു കാരണക്കാരൻ തന്റെ അച്ഛനാണെന്ന് വേടൻ പറഞ്ഞു. "അദ്ദേഹത്തെ ആദ്യമായാണ് ഇത്രയും ഒരുങ്ങി വെള്ളമുണ്ടും പുതിയ വസ്ത്രവുമൊക്കെ ധരിച്ച് കാണുന്നത്" എന്ന് പറഞ്ഞ് അച്ഛനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു വേടന്റെ വാക്കുകൾ. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും തനിക്ക് തണലായി നിന്ന അച്ഛനുള്ള സമർപ്പണമായി വേടന്റെ പുരസ്കാരലബ്ധി മാറി.
ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലെ 'വിയർപ്പുതുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിനാണ് വേടന് (ഹിരൺദാസ് മുരളി) മികച്ച ഗാനരചയിതാവിനുള്ള 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. പുരസ്കാരം സ്വീകരിച്ചുകൊണ്ട് വേടൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
"ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ആദ്യമായാകും ഒരു ഇന്റിപെന്റന്റ് കലാകാരന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷം. ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും. സ്വന്തം ആരോഗ്യവും ഇഷ്ടമൊക്കെ മാറ്റിവെച്ചിട്ട് എന്നെ വളർത്താനായി ഒരുപാട് പണിയെടുത്ത ആളാണ് അദ്ദേഹം. എന്റെ അപ്പനെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ച് ഞാൻ കാണുന്നത്." - വേടൻ പറഞ്ഞു. തന്റെ അച്ഛനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു വേടൻ ഈ വാക്കുകൾ പങ്കുവെച്ചത്.
അതേസമയം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ കരിയറിലെ ഏഴാമത്തെ പുരസ്കാരമാണിത്. മികച്ച നടിക്കുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ ഷംല ഹംസയാണ് സ്വന്തമാക്കിയത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ്, വേടൻ തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു.
'My father is the only reason for this award'; Vedan hugs his father at the awards ceremony





























