(https://moviemax.in/)മലയാളികൾക്ക് പ്രിയങ്കരനായ നടനും മിമിക്രി താരവുമായ കണ്ണൻ സാഗറിന്റെ മകൻ പ്രവീൺ കണ്ണൻ വിവാഹിതനായി. പ്രശസ്ത അവതാരക റോഷൻ എസ്. ജോണിയാണ് വധു.
ചങ്ങനാശ്ശേരി സബ് രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മകന്റെ വിവാഹ വിശേഷങ്ങൾ കണ്ണൻ സാഗർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
'എന്റെ മക്കൾ ചങ്ങനാശ്ശേരി സബ് രജിസ്റ്റർ ആഫീസിൽ വെച്ച് നിയമപരമായി ഒന്നായി. അവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് തുറക്കപ്പെട്ടു.
ഇനിയവർ ആയുരാരോഗ്യ സൗഖ്യമായി ജീവിതയാത്ര തുടരട്ടെ. പിന്തുണ നൽകി ഞങ്ങൾ മാതാപിതാക്കളും ബന്ധുജനങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും കൂടെയുണ്ടാവും. ഒപ്പം പ്രിയപ്പെട്ടവരുടേയും പ്രാർഥനകൾ വേണം', കണ്ണൻ സാഗർ കുറിച്ചു.
മകന്റെ വിവാഹം അറിയിച്ച കുറിപ്പ് കഴിഞ്ഞദിവസം നടൻ പങ്കുവെച്ചിരുന്നു. 'എന്റെ മകന്റേയും അവന്റെ പാതിയായ ഈ മകളുടേയും ജീവിതം നിയമപരമായി രജിസ്റ്റർ ഓഫീസിൽ വെച്ച് ഒപ്പിട്ടു ഒന്നായി നാളെ തുടക്കം കുറിക്കും.
മക്കളുടെ ആഗ്രഹത്തിനപ്പുറം മാതാപിതാക്കൾക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടാ. അവർ നല്ലതേ തിരഞ്ഞെടുക്കൂവെന്ന ബോധ്യവും ആത്മവിശ്വാസവും മാത്രമാണ് ഒരുറപ്പ്.
സ്വപ്‌നങ്ങൾക്ക് പുറകേ, ആഗ്രഹങ്ങൾക്ക് പിന്നാലെ, ദീർഘവീക്ഷണം മുന്നിട്ടും നിൽക്കണം. തീരുമാനങ്ങൾ മുറുകെ പിടിക്കണം പിന്നെല്ലാം വിധികൾക്ക് വിട്ടുകൊടുക്കാം', കണ്ണൻ സാഗർ കുറിച്ചു.
'ധൈര്യവും പ്രാർഥനയും മനസുറപ്പും ആവശ്യസമയത്തു ഉപഹരിക്കും. മക്കളുടെ ജീവിതം സന്തുഷ്ടവും സമാധാനവും സന്തോഷകരവുമാവട്ടെ. അച്ഛയുടെ അകമഴിഞ്ഞ പ്രാർഥന എപ്പോഴുമുണ്ട്.
ഒരു വിളിപ്പുറത്തു ഞാനെപ്പോഴുമുണ്ട്. ഒന്നിച്ച് ജോലിചെയ്തവർ ഒന്നിക്കുവാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു. പ്രിയപ്പെട്ട എല്ലാവരുടേയും അനുഗ്രഹം ഞങ്ങളുടെ മക്കളിൽ പ്രവീൺ കണ്ണനും റോഷൻ എസ്. ജോണിക്കും ഉണ്ടാവണം', അദ്ദേഹം കൂട്ടിച്ചേർത്തു
മിമിക്രി വേദികളിൽ തിളങ്ങി സിനിമയിൽ ശ്രദ്ധേയനായ താരമാണ് കണ്ണൻ സാഗർ. 'ചാർളി', 'അന്വേഷിപ്പിൻ കണ്ടെത്തും', 'കർണ്ണൻ നെപ്പോളിയൻ ഭഗത് സിങ്' എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ട്. ടിവി ഷോകളിലും ശ്രദ്ധേയ സാന്നിധ്യമാണ്.
Kannan Sagar shares details of his son's wedding



































