(https://moviemax.in/) മുൻകൂർ അനുമതി വാങ്ങാതെയും വിലക്കു ലംഘിച്ചും മകരവിളക്കു ദിവസം സന്നിധാനത്തു സിനിമ ചിത്രീകരിച്ച സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. ‘നരിവേട്ട’ സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് സന്നിധാനത്തു നടത്തിയത്.
സംഭവത്തിൽ സംവിധായകനെതിരെ വനംവകുപ്പ് റാന്നി ഡിവിഷനാണ് കേസെടുത്തത്. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തണമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറും ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി.
നേരത്തേ ചിത്രീകരണത്തിന് അനുമതി തേടി സംഘം എത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സിനിമ ചിത്രീകരണം എല്ലാ വശങ്ങളും നോക്കി മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളുവെന്നും അതിനു നടപടി ക്രമങ്ങൾ ഏറെയുണ്ടെന്നും നിർദേശിച്ച് അനുമതി നിഷേധിച്ചിരുന്നു.
മകരജ്യോതി ദർശനത്തിനു ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ തീർഥാടകർ കാത്തിരിക്കുന്നതു മകരവിളക്കു ദിവസം വൈകിട്ട് ചിത്രീകരിച്ചതായും അറിയുന്നു.
പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്നാണ് വനം വകുപ്പ് പരിശോധിക്കുന്നത്. സംഭവത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യും. വനത്തിൽ അതിക്രമിച്ചു കയറി എന്ന വകുപ്പുൾപ്പെടെ ചുമത്തും.
Film shot at Sannidhanam on Makaravilakku day, case filed against young director





























