തിരുവനന്തപുരം: ( www.truevisionnews.com ) സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് അവതരിപ്പിച്ച് സംസ്ഥാന ബജറ്റ്. രണ്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചത്. ഇതിനായി 12 കോടി രൂപ വകയിരുത്തി.
ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച ബജറ്റിൽ ഷീ വർക്ക് സ്‌പേയ്‌സിനായി 200 കോടി രൂപയും വകയിരുത്തിയുട്ടുണ്ട്. റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാകും.
കൂടാതെ, എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് ലഭ്യമാക്കും. ഇതിനായി 20 കോടി രൂപ വിലയിരുത്തി. മൺപാത്ര നിർമാണ മേഖലയ്ക്കായി ഒരു കോടി രൂപയും മറൈൻ സമുദ്രോൽപന്ന വികസനത്തിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അതേ സമയം, ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.
കേരളത്തിൽ ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ബാലഗോപാല്‍ പറഞ്ഞു. ദേശീയ പാത നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മൽ കേരളത്തെ കെട്ടിപടുക്കാനായെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ഏറെ സന്തോഷത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണ്. മത രാഷ്ട്ര വാദികള്‍ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
accident insurance for school students health insurance for auto drivers kerala budget 2026

































