(https://moviemax.in/)തെലുങ്ക് സിനിമയിലെ ഐക്കൺ സ്റ്റാർ അല്ലു അർജുനെ കേരളക്കരയുടെ ദത്തുപുത്രനാക്കി മാറ്റിയ 'ഹാപ്പി' റിലീസ് ചെയ്തിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. 'ആര്യ'യിലൂടെ തുടങ്ങിയ ആരാധക പിന്തുണയെ കേരളത്തിൽ ഒരു തരംഗമാക്കി മാറ്റിയത് ഈ ചിത്രമായിരുന്നു. സിനിമയുടെ വാർഷിക വേളയിൽ ചിത്രീകരണ കാലത്തെ ഓർമ്മകൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിൽ ഒന്നാണ് 'ഹാപ്പി' എന്ന് അല്ലു അർജുൻ കുറിച്ചു. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും താരം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. സംവിധായകൻ എ. കരുണാകരൻ, നായിക ജനീലിയ ഡിസൂസ, മനോജ് ബാജ്പേയ് എന്നിവരെയും സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയെയും അദ്ദേഹം പ്രത്യേകം സ്മരിച്ചു. നിർമ്മാതാവും പിതാവുമായ അല്ലു അരവിന്ദിനും ഗീതാ ആർട്‌സിനും അദ്ദേഹം നന്ദി അറിയിച്ചു.
യുവൻ ശങ്കർ രാജയുടെ ഹിറ്റ് ഗാനങ്ങളും അല്ലു അർജുന്റെ നൃത്തവും സിനിമയെ വൻ വിജയമാക്കി. കേരളത്തിൽ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തിരുത്തിയെഴുതിയ സിനിമകളിൽ ഒന്നാണിത്.
സിനിമയിൽ 22 വർഷങ്ങൾ പിന്നിടുന്ന അല്ലു അർജുൻ, 'പുഷ്പ' പരമ്പരയിലൂടെ ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ലോകേഷ് കനകരാജിനൊപ്പമുള്ള പുതിയ ചിത്രം 'AA23' എന്ന പ്രോജക്റ്റിനായി വലിയ ആവേശത്തോടെയാണ് ഇപ്പോൾ സിനിമാ ലോകം കാത്തിരിക്കുന്നത്.
Allu Arjun, Happy Movie


































