(https://moviemax.in/)സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കൂടോത്രം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പച്ചപ്പും മഞ്ഞും പുതച്ച ഇടുക്കിയുടെ മനോഹാരിതയ്‌ക്കൊപ്പം നിഗൂഢതയും ഭീതിയും ഉണർത്തുന്നതാണ് പോസ്റ്റർ. മഞ്ജു വാര്യരും പ്രശസ്ത ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രൻ എന്നിവർ ചേർന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മമ്മൂട്ടിയും മോഹൻലാലും ചേർന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്.
ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ വിഭാഗങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇടുക്കിയുടെ ഗ്രാമീണ ഭംഗിയും നിഗൂഢമായ കഥാപരിസരവുമാണ് സിനിമയുടെ പ്രധാന ആകർഷണം.
നടൻ ബൈജു ഏഴുപുന്ന ആദ്യമായി സംവിധായകനാകുന്ന ചിത്രമാണിത്. സന്തോഷ് ഇടുക്കി തിരക്കഥയൊരുക്കിയ ചിത്രം സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.
സലിം കുമാർ, ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലൻസിയർ, ജോയ് മാത്യു, ശ്രീജിത്ത് രവി, റേച്ചൽ ഡേവിഡ്, ദിയ, വീണ നായർ എന്നിങ്ങനെ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.ഗോപി സുന്ദറാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. ഫീനിക്സ് പ്രഭു ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുന്ന 'കൂടോത്രം' ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളിലെത്തും. ടിക്സ്പീക്ക് ആണ് ചിത്രത്തിന്റെ ബ്രാൻഡിംഗ് നിർവഹിക്കുന്നത്.
Koodotram first look released

































