( moviemax.in ) ഡെലിവറി ഏജന്റായ യുവാവിന്റെ മനോഹരമായ പ്രണയകഥയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായി കണ്ടുമുട്ടി അഞ്ച് മാസത്തിനുള്ളിൽ യുവാവും കാമുകിയും വിവാഹിതരായി. ചൈനയിൽ നിന്നുള്ള ഡെലിവറി ഏജന്റായ യുവാവിന്റെ ഭാര്യ അമേരിക്കയിൽ നിന്നുള്ള നഴ്സറി ടീച്ചറാണ്. ലിഫ്റ്റിലാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. ലിയോണിംഗ് പ്രവിശ്യയിലെ ഷെൻയാങ്ങിൽ നിന്നുള്ള 27 -കാരനായ ലിയു എന്ന യുവാവാണ് തങ്ങളുടെ പ്രണയകഥ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
ലിയുവിന്റെ ഭാര്യ അലബാമയിൽ നിന്നുള്ള 30 -കാരിയായ ഹന്ന ഹാരിസ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഒരു കിന്റർഗാർട്ടനിൽ ഇംഗ്ലീഷ് പഠിപ്പിക്കാനായി എത്തിയത്. ഷെൻയാങ്ങിലുള്ള നഴ്സറി സ്കൂളിലായിരുന്നു ജോലി. നവം ബറിൽ ഒരു ഡെലിവറി ആപ്പ് വഴി ഹന്ന നൂഡിൽസ് ഓർഡർ ചെയ്തു. അത് കൊണ്ടുകൊടുക്കാനായി എത്തിയത് ലിയുവാണ്. അങ്ങനെയാണ് ഇരുവരും കാണുന്നത്. ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയപ്പോൾ, ലിഫ്റ്റിൽ വെച്ചാണ് അപ്രതീക്ഷിതമായി ലിയു ഹന്നയെ കാണുന്നത്. ഇംഗ്ലീഷ് സംസാരിക്കാൻ അവന് ബുദ്ധിമുട്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഹലോ, ഐ ലവ് യു എന്നാണ് ലിയു അന്ന് ഹന്നയോട് പറഞ്ഞത്.
എന്തായാലും, അതായിരുന്നു ഇരുവരുടെയും ബന്ധത്തിന്റെ തുടക്കം. അധികം വൈകാതെ ഇരുവരും നമ്പർ കൈമാറി. പരസ്പരം ചൈനീസ് ഭാഷയും ഇംഗ്ലീഷും പഠിക്കാൻ സഹായിച്ചു. വീട്ടിലെ പൂച്ചയുടേയും പാചകം ചെയ്യുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഒക്കെ അയച്ചുകൊടുത്തു. അങ്ങനെയാണ് ആ ബന്ധം ദൃഢമാകുന്നത്.
പിന്നീട്, ഇവർ ചെറുയാത്രകൾക്ക് പോകാനും ഒക്കെ തുടങ്ങി. അങ്ങനെ ഒരു ദിവസം ലിയു ഒരു ഡയമണ്ട് മോതിരവുമായി അവളോട് വിവാഹാഭ്യർത്ഥന നടത്തി. അവൾക്കും സമ്മതമായിരുന്നു. അങ്ങനെ രണ്ട് മാസം കൂടി കഴിഞ്ഞപ്പോൾ ഇരുവരും വിവാഹിതരായി. താനൊരു നാട്ടിൻപുറത്തുകാരനാണ്, വീടോ കാറോ ഒന്നുമില്ല എന്ന് ലിയു അവളോട് പറഞ്ഞിരുന്നു. എന്നാൽ, പ്രണയം അതിനേക്കാളൊക്കെ വലുതാണ് എന്നാണ് ഹന്ന പറഞ്ഞത്.
ഇപ്പോൾ ഇരുവരും പരസ്പരം ഭാഷ പഠിപ്പിച്ചും മനസിലാക്കിയും ജീവിച്ച് തുടങ്ങിയിരിക്കുകയാണ്. എന്നെങ്കിലും ഒരു പുസ്തകം എഴുതണമെന്ന ആഗ്രഹത്തിലാണ് ഹന്ന. ലിയുവിനാണെങ്കിൽ ഹന്നയെയും കൊണ്ട് ചൈന മൊത്തം ചുറ്റിനടക്കണം. തനിക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിലും ഹന്നയുടെ പുസ്തകം ഇറങ്ങാൻ കാത്തിരിക്കുകയാണ് താൻ എന്നും ലിയു പറയുന്നു. എന്തായാലും, ലിയുവിന്റെ പ്രണയകഥയ്ക്ക് വലിയ ആരാധകരാണ് സോഷ്യൽ മീഡിയയിൽ.
What happened unexpectedly in the elevator? The first thing he said was 'I love you', and what happened next