---
title: "പ്രണിത സുഭാഷിന് എട്ടിന്റെ പണി! കേരള സ്റ്റോറിക്ക് പിന്തുണയുമായെത്തിയ നടിക്കെതിരെ പഴയ ഗോൾഡൻ വിസ ചിത്രങ്ങളുമായി സൈബർ പോരാളികൾ"
english_title: "Cyber ​​warriors use old Golden Visa pictures against actress who came out in support of Kerala Story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344831/cyber-warriors-use-old-golden-visa-pictures-against-actress-who-came-out-in-support-of-kerala-story-new"
published_at: "2026-02-28T16:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2d1b745219_Cyber_warriors_use_old_Golden_Visa_pictures_against_actress_who_came_out_in_support_of_Kerala_Story.jpg"
keywords: []
---

# പ്രണിത സുഭാഷിന് എട്ടിന്റെ പണി! കേരള സ്റ്റോറിക്ക് പിന്തുണയുമായെത്തിയ നടിക്കെതിരെ പഴയ ഗോൾഡൻ വിസ ചിത്രങ്ങളുമായി സൈബർ പോരാളികൾ

> **Lead Summary:** റിലീസിന് മുൻപേ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' പ്രദർശനം ആരംഭിച്ചു. ചിത്രത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കിയതോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കേരളത്തിന്റെ സമുദായ സൗഹൃദ അന്തരീക്ഷത്തെ തകർക്കുന്നതും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കുത്തിനിറച്ചതുമാണ് സിനിമയെന്ന വിമർശനം ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ശക്തമായിരുന്നു.

## Article Content

റിലീസിന് മുൻപേ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' പ്രദർശനം ആരംഭിച്ചു. ചിത്രത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കിയതോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കേരളത്തിന്റെ സമുദായ സൗഹൃദ അന്തരീക്ഷത്തെ തകർക്കുന്നതും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കുത്തിനിറച്ചതുമാണ് സിനിമയെന്ന വിമർശനം ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ശക്തമായിരുന്നു.

സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന് പരസ്യ പിന്തുണയുമായി എത്തിയ തെന്നിന്ത്യൻ നടി പ്രണിത സുഭാഷിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്. മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പ്രണിതയുടെ നിലപാട് കേരളത്തെ അപമാനിക്കുന്നതാണെന്നാണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന ആരോപണം. റിലീസിന് മുൻപേ ചിത്രം നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും നിയമപോരാട്ടങ്ങൾക്കൊടുവിൽ ചിത്രം പ്രദർശനത്തിനെത്തുകയായിരുന്നു.

> ദി കേരള സ്റ്റോറി 2 സിനിമയുടെ ട്രെയ്‍ലറും പോസ്റ്ററുമൊക്കെ അണിയറക്കാര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനുകള്‍ക്കും ടാഗിനുമൊക്കെ ഒപ്പമാണ് പ്രണിതയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “അവര്‍ നമ്മുടെ പെണ്‍മക്കളെ ലക്ഷ്യം വച്ചു. അവര്‍ അവരുടെ വിശ്വാസം തകര്‍ത്തു. അവര്‍ അവരുടെ ഭാവി മോഷ്ഠിച്ചു. ഇത്തവണ നമ്മള്‍ നിശബ്ദരായി ഇരിക്കരുത്. കഥ മുന്നോട്ട് പോവുകയാണ്”, എന്നാണ് ചിത്രത്തിന്‍റെ ട്രെയ്‍ലറിനൊപ്പം പ്രണിത സുഭാഷ് എക്സില്‍ കുറിച്ചത്. ഒപ്പം ഷോ യുവര്‍ ഡോട്ടേഴ്സ് (നിങ്ങളുടെ പെണ്‍മക്കളെ കാണിക്കുക) എന്ന ടാഗും പങ്കുവച്ചിട്ടുണ്ട്. സത്യം സ്വയം ജയിക്കും എന്നാണ് ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അവര്‍ കുറിച്ചിരിക്കുന്നത്.

പ്രണിതയുടെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ എടുത്തുകാട്ടുന്ന മറ്റൊരു ചിത്രമുണ്ട്. നേരത്തെ യുഎഇയുടെ ഗോള്‍ഡന്‍ വിസ നടി സ്വീകരിച്ചിരുന്നു. അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇതിന്‍റെ ചിത്രവും പങ്കുവച്ചിരുന്നു. ആ ചിത്രമാണ് പലരും നടിയുടെ കേരള സ്റ്റോറി 2 പോസ്റ്റുകള്‍ക്ക് കമന്‍റ് ആയി ഇടുന്നത്. ഒരു മതത്തെ വേട്ടക്കാരനായി ചിത്രീകരിക്കുന്ന നിലപാടാണ് ഉള്ളതെങ്കില്‍ എന്തുകൊണ്ട് ഒരു ഇസ്‍ലാമിക രാജ്യത്തിന്‍റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു എന്നാണ് കമന്‍റ് ബോക്സില്‍ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം. ഇവര്‍ക്ക് സമ്പന്നരായ ഇതര മതസ്ഥരോട് പ്രശ്നമുണ്ടാവില്ലെന്നും നിലപാടിന്‍റെ പേരിലൊന്നുമല്ല പലരും ഇത്തരം ചിത്രങ്ങളെ പിന്തുണയ്ക്കുന്നതെന്നുമൊക്കെ കമന്‍റുകള്‍ പോകുന്നു. അതേസമയം ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344831/cyber-warriors-use-old-golden-visa-pictures-against-actress-who-came-out-in-support-of-kerala-story-new)