---
title: "'കണ്ണുനിറഞ്ഞ് പ്രാർത്ഥിച്ച നിമിഷം, അവർ പകർത്തിയത് മറ്റൊന്ന്; സാരിയോ ഭാവങ്ങളോ ആരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു'; മനസ്സ് തുറന്ന് അന്ന രാജൻ"
english_title: "Anna Rajan apologizes if her saree or expressions have hurt anyone, opening her heart"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345702/anna-rajan-apologizes-if-her-saree-or-expressions-have-hurt-anyone-opening-her-heart"
published_at: "2026-03-05T11:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a91803b0bdd_Anna_Rajan_apologizes_if_her_saree_or_expressions_have_hurt_anyone,_opening_her_heart.jpg"
keywords: []
---

# 'കണ്ണുനിറഞ്ഞ് പ്രാർത്ഥിച്ച നിമിഷം, അവർ പകർത്തിയത് മറ്റൊന്ന്; സാരിയോ ഭാവങ്ങളോ ആരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു'; മനസ്സ് തുറന്ന് അന്ന രാജൻ

> **Lead Summary:** ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങളിലും സൈബർ ആക്രമണങ്ങളിലും മനസ്സ് തുറന്ന് നടി അന്ന രാജൻ. ആദ്യമായി പൊങ്കാല അർപ്പിക്കാൻ എത്തിയ താരത്തിന്റെ വസ്ത്രധാരണത്തെ ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെയാണ് താരം ഇപ്പോൾ വൈകാരികമായി പ്രതികരിച്ചിരിക്കുന്നത്.

## Article Content

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങളിലും സൈബർ ആക്രമണങ്ങളിലും മനസ്സ് തുറന്ന് നടി അന്ന രാജൻ. ആദ്യമായി പൊങ്കാല അർപ്പിക്കാൻ എത്തിയ താരത്തിന്റെ വസ്ത്രധാരണത്തെ ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെയാണ് താരം ഇപ്പോൾ വൈകാരികമായി പ്രതികരിച്ചിരിക്കുന്നത്.

> കൈകൂപ്പിയും കണ്ണുനിറഞ്ഞും ആറ്റുകാൽ അമ്മയുടെ തൃപ്പാദങ്ങളിൽ ആദ്യമായി പൊങ്കാല അർപ്പിച്ച ആ ദിനം തനിക്ക് ഏറെ പവിത്രമായിരുന്നുവെന്ന് അന്ന രാജൻ പറഞ്ഞു. "ഏറ്റവും ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ അവിടെ എത്തിയത്. എന്നാൽ ആ നിമിഷത്തിൽ ചില അനാവശ്യമായ വീഡിയോ ക്ലിപ്പുകൾ പകർത്തി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത് കണ്ടപ്പോൾ വലിയ വേദന തോന്നി," താരം വ്യക്തമാക്കി.

> "കനത്ത ചൂടിൽ നിന്നുകൊണ്ട് തീക്കൊല്ലി വെച്ച് പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു. ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വീഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവെക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ ദിവസത്തെ ഭക്തിയെ കുറച്ച് കാണിക്കുന്ന തരത്തിൽ ചില നിമിഷങ്ങൾ മാത്രം എടുത്ത് പ്രചരിപ്പിച്ചതാണ് എനിക്ക് ഏറെ വിഷമമായി തോന്നിയത്." അന്ന രാജൻ പറയുന്നു.

> "എന്റെ സാരിയോ എന്റെ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. അതൊന്നും എന്റെ ഉദ്ദേശമല്ലായിരുന്നു. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളിൽ സമർപ്പിച്ചുകൊണ്ട്." അന്ന രാജൻ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്ന രാജന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/345702/anna-rajan-apologizes-if-her-saree-or-expressions-have-hurt-anyone-opening-her-heart)