(moviemax.in) മോഹൻലാൽ ഇത്രയും കാലം പാടിയ പാട്ടുകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഒടിയൻ സിനിമയിലെ 'ഏനൊരുവൻ' ആണെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ബാബുരാജ് അടക്കമുള്ളവർ പങ്കെടുത്ത ഒരു യോഗത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ. 'ടർബോ' സിനിമയുടെ ലുക്കിലുള്ള മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ലാൽ ഇത്രയും കാലം പാടിയതിൽ ഏറ്റവും നല്ല പാട്ട് ഇതാണ്. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. ഒരു അപശ്രുതി പോലും ഇല്ല, വെരി ഗുഡ്. ഞാൻ പറയാൻ ആളല്ല എന്നാലും കേട്ടത് കൊണ്ട് പറഞ്ഞെന്ന് മാത്രം,' മമ്മൂട്ടി പറഞ്ഞു. ഇതിന് മറുപടിയായി, മമ്മൂട്ടി സാറാണ് പറയേണ്ടതെന്നും സാർ പറയുന്ന കേൾക്കാനാണ് ഇഷ്ടമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു മോഹൻലാലിന്റെ ഒടിയൻ. മലയാള സിനിമ മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത ഒടിയൻ എന്ന വിഷയത്തെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ വമ്പൻ പ്രതീക്ഷയായിരുന്നു സിനിമയ്ക്ക് മേൽ ആരാധകർ വെച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കിയായിരുന്നു സിനിമ തിയേറ്റർ വിട്ടത്. സിനിമയിലെ പാട്ടുകൾ ഇപ്പോഴും ആരാധകരുടെ ഇഷ്ട ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. മഞ്ജു വാര്യർ ആയിരുന്നു സിനിമയിൽ നായിക.
അതേസമയം, കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ തിരച്ച് വരവ് ആരാധകർ ആഘോഷമാക്കിയിരുന്നു. നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. കളങ്കാവലാണ് ഇനി മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം നിതീഷ് സഹദേവ് സിനിമയുടെ സെറ്റിലേക്ക് മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷ.
Mammootty pats Lal on the shoulder and congratulates him; Video goes viral