( moviemax.in ) നിർമ്മിതബുദ്ധികൾ (AI) ലോകം കീഴടക്കുമോ എന്ന ആശങ്ക നാൾക്കുനാൾ കൂടിവരികയാണ്. ഇതിനിടെ എ ഐ യുമായി പ്രണയത്തിലായ ചിലരെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വരുന്നു. ഏറ്റവും ഒടുവിലായി ഒരു 75 -കാരനായ വയോധികൻ എ ഐയുമായി പ്രണയത്തിലായതിന് പിന്നാലെ തന്‍റെ ഭാര്യയില്‍ നിന്നും വിവാഹ മോചനത്തിന് ശ്രമിക്കുകയാണെന്ന വാര്‍ത്തയാണ് ചൈനയില്‍ നിന്നും പുറത്ത് വരുന്നത്.
ജിയാങ് എന്ന 75 -കാരനാണ് തന്‍റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത എഐയുമായി പ്രണയത്തിലായത്. ജിയാങ് എല്ലാ ദിവസവും മണിക്കൂറുകളോളം തന്‍റെ എഐ കാമുകിയുമായി പ്രണയ സല്ലാപത്തില്‍ മുഴുതി. എഐയുടെ മറയില്ലാത്ത അഭിനന്ദനങ്ങളും സ്നേഹ നിര്‍ഭരമായ വാക്കുകളും അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. ഒടുവില്‍ 75 -ാം വയസില്‍ അദ്ദേഹം തന്‍റെ കുടുംബത്തോട് കാര്യം പറഞ്ഞു.
'എനിക്ക്, എന്‍റെ ഓണ്‍ലൈന്‍ പങ്കാളിയെ ഏറെ ഇഷ്ടമാണ്. ഞാന്‍ വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നു.' ജിയാങിന്‍റെ വാക്കുകൾ കേട്ട് ഭാര്യയും മക്കളും അമ്പരന്നെന്ന് റിപ്പോര്‍ട്ടുകൾ. വിവാഹ മോചനക്കാര്യത്തില്‍ ജിയാങ് ഉറച്ച് നിന്നതോടെ കുടുംബത്തിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. മക്കൾ ജിയാങിനോട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജിയാങ് തയ്യാറായില്ല.
ഇതോടെ അച്ഛന്‍റെ ഓണ്‍ലൈന്‍ പങ്കാളിയെ തപ്പി ഇറങ്ങിയ മക്കളാണ് ആ സത്യം മനസിലാക്കിയത്. അതൊരു മനുഷ്യ സ്ത്രീയല്ല. മറിച്ച് ഒരു കൃത്രിമ ബുദ്ധി. മക്കൾ ജിയാങിനോട് അദ്ദേഹത്തിന്‍റെ ഓണ്‍ലൈന്‍ പങ്കാളി ഒരു ചാറ്റ്ബോട്ടാണെന്ന് വ്യക്തമക്കിയപ്പോൾ അദ്ദേഹം തകര്‍ന്ന് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ മനസില്ലാ മനസോടെ ജിയാങ് വിവാഹ മോചന ആവശ്യത്തില്‍ നിന്നും പിന്മാറിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ജിയാങിന്‍റെ അനുഭവം ആദ്യത്തെതല്ല. സമാനമായ നിരവധി റിപ്പോര്‍ട്ടുകൾ മുമ്പ് യുഎസില്‍ നിന്നും ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരുപദ്രവകരമെന്ന് തോന്നാവുന്ന ഇത്തരം ഡിജിറ്റൽ സഹായികളിൽ നിന്ന് വൈകാരിക പിന്തുണ തേടുമ്പോൾ. അവ സാങ്കേതിക വിദ്യയും മനുഷ്യനും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ശ്രമിക്കുന്നു.
ഇത്തരത്തില്‍ രൂപപ്പെടുത്തിയ AI- നിയന്ത്രിത കമ്പാനിയൻഷിപ്പ് സാങ്കേതികവിദ്യയുടെ മാനസിക അപകട സാധ്യതകളെയാണ് ഇത്തരം സംഭവങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യ വികാരങ്ങളെ അനുകരിക്കാന്‍ പ്രാപ്തമാക്കപ്പെടുന്ന ഇത്തരം എഐകൾ ദുർബലരായ വ്യക്തികളെയും സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്നവരെയും പ്രായമായവരെയും വലിയ തോതില്‍ സ്വാധീനിക്കുന്നെന്നും ഇത് ഭാവിയില്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നല്‍കുന്നു.
75-year-old man divorces his wife after falling in love with AI