#Latest news #Kerala #PadmaShri #Puppet #Artist #Tourism
കോട്ടയം: (https://truevisionnews.com/) പ്രശസ്ത നോക്കുവിദ്യ പാവകളി കലാകാരിയും പത്മശ്രീ ജേതാവുമായ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 90 വയസ്സായിരുന്നു.
കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി. കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ പാവകളിക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 2020 ൽ രാജ്യം അവർക്ക് പത്മശ്രീ നൽകി ആദരിച്ചത്. പതിനൊന്നാം വയസ്സുമുതൽ പങ്കജാക്ഷി പാവകളി അഭ്യസിച്ചുതുടങ്ങി.
അച്ഛനും അമ്മയും പ്രശസ്ത പാവകളി കലാകാരന്മാരായിരുന്നു. അവരിൽ നിന്നാണ് പങ്കജാക്ഷി കലയുടെ ആദ്യ പാഠങ്ങൾ പഠിച്ചത്. പിന്നീട് കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ അവർ നോക്കുവിദ്യ അവതരിപ്പിച്ചു. ഫ്രാൻസ് ഉൾപ്പെടെയുള്ള വിവിധ വിദേശ രാജ്യങ്ങളിലും പങ്കജാക്ഷി പാവകളി പ്രദർശിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ നാടൻ കലകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ അവരുടെ പങ്ക് വലുതാണ്. കേരള ഫോക്ക്‌ലോർ അക്കാദമിയുടെ അവാർഡും ഫെലോഷിപ്പും പങ്കജാക്ഷിക്ക് ലഭിച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കേരളത്തിന്റെ സാംസ്കാരിക മുഖമായി പങ്കജാക്ഷി അമ്മയെ പരാമർശിച്ചിട്ടുണ്ട്. പങ്കജാക്ഷിയുടെ വിയോഗം കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണ്.
Content Highlight: Padma Shri Awardee Puppet Artist Moozhikal Pankajakshi Passes Away
































