#Nadapuram Hospital #Childbirth #Kozhikode News #Health
കോഴിക്കോട് : (https://truevisionnews.com/) ലേബർ റൂമും ഓപ്പറേഷൻ തിയേറ്ററും ഉണ്ട്. പക്ഷേ പ്രസവചികിത്സയ്ക്ക് ഗൈനക്കോളജി ഡോക്റില്ല. ആരും നിനച്ചിരിക്കാതെ, പത്ത് വർഷമായി പ്രസവം നിലച്ച നാദാപുരം ഗവ. ആശുപത്രിയിൽ ഒടുവിൽ പ്രസവം, അടിയന്തര ഇടപെടലിൽ യുവതി. ആൺകുഞ്ഞിന് ജന്മം നൽകി.
നാദാപുരം ഗവ.താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിൽ 10 വർഷത്തിനു ശേഷം വീണ്ടും ഒരു കുഞ്ഞിന്റെ ആദ്യ കരച്ചിൽ ഇന്നലെ മുഴങ്ങി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം വർഷങ്ങളായി പ്രസവ സേവനങ്ങൾ നിലച്ചുകിടന്നിരുന്ന ആശുപത്രിയിൽ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമയോചിതമായ ഇടപെടലാണ് ഒരു ജീവന് തിരികൊളുത്തിയത്.
ഇന്നലെ പുലർച്ചെ 2.30-ഓടെയാണ് വളയം സ്വദേശിനി മേഘ (29) പ്രസവേദനയുമായി ആശുപത്രിയിൽ എത്തിയത്. പ്രസവ വാർഡും നവജാതശിശു പരിചരണ യൂണിറ്റും ഇല്ലാത്തതിനാൽ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, വഴിയിൽ വച്ച് പ്രസവം നടക്കാനുള്ള സാധ്യത ഡ്യൂട്ടിയിലുണ്ടായിരുന്ന സർജൻ ഡോ. പ്രജിത തിരിച്ചറിഞ്ഞു.
ഒരു നിമിഷം പോലും പാഴാക്കാതെ അവരും നഴ്സുമാരായ എൻ. സന്ധ്യ, പി. പി. വൈഷ്ണ, നഴ്സിങ് അസിസ്റ്റന്റ് പി. പി. ഗിരിജ, അറ്റൻഡന്റ് കെ. പി. ലിസി എന്നിവരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ വച്ച് തന്നെ പ്രസവത്തിന് സഹായിച്ചു. അടിയന്തര ചികിത്സയ്ക്ക് ശേഷം ആരോഗ്യത്തോടെ ജനിച്ച ആൺകുഞ്ഞിനെയും അമ്മയെയും പിന്നീട് കൂടുതൽ നിരീക്ഷണത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും ഇപ്പോൾ പൂർണ ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദമായി അടച്ചിട്ടിരിക്കുന്ന പ്രസവാർഡ് വീണ്ടും തുറക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ഈ സംഭവം. മതിയായ ഡോക്ടർമാരും ഉപകരണങ്ങളും ലഭ്യമായാൽ നാദാപുരം താലൂക്ക് ആശുപത്രിക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Content Highlight: After 10 Years, Nadapuram Taluk Hospital Witnesses Childbirth Again

































