#Muvattupuzha News #Toddy Shop Protest #Kerala CM Letter
മൂവാറ്റുപുഴ: (https://truevisionnews.com/) അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ.... തങ്ങളുടെ കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് തുറക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസ് വിദ്യാർഥിനി.
മാറാടി അഞ്ചാം വാർഡിലെ അവറാച്ചൻ ഉന്നതിയിൽ പുതിയ കള്ള് ഷാപ്പ് തുറക്കുന്നതിനെതിരെയാണ് നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഇവാനിയ മരിയ സജേഷിന്റെ അപേക്ഷ. 'കുറെ ദിവസങ്ങളായി ഞങ്ങളുടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഈ ഷാപ്പിനെതിരെ സമരത്തിലാണ്. ഇന്നലെ ക്ലാസ് ഇല്ലാതിരുന്നതിനാൽ ഞങ്ങളും സമരപ്പന്തലിൽ പോയിരുന്നു.
അവിടെ പൊലീസും കള്ള് ഷാപ്പിന്റെ ആൾക്കാരും നാട്ടുകാരും തമ്മിൽ വലിയ സംഘർഷം ഉണ്ടായി. ഞങ്ങളൊക്കെ വല്ലാതെ പേടിച്ചു പോയി. സർ, കള്ള് ഷാപ്പ് ഇവിടെ നിന്ന് മാറ്റിത്തരാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചു കൊണ്ടാണ് ഈ കത്ത് എഴുതുന്നത്.
അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർഥമായി ഞാൻ വിശ്വസിക്കുന്നു.' എന്നാണ് വിദ്യാർത്ഥി കത്തിൽ എഴുതിയിരിക്കുന്നത്. ജനകീയ സമര സമിതിയുടെ സമരം തുടരുന്നതിനിടെയാണ് മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ഇവാനിയ മരിയ സജേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
50ൽ അധികം കുട്ടികൾ കളിച്ചുനടക്കുന്ന സ്ഥലത്താണ് കള്ള് ഷാപ്പ് തുടങ്ങാൻ പോകുന്നതെന്ന് കത്തിൽ പറയുന്നു. അൻപതിലധികം കുട്ടികൾ കളിച്ചുനടക്കുന്ന കളിസ്ഥലത്തിന് സമീപമാണ് കള്ളുഷാപ്പ് തുടങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. ജനകീയ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുട്ടി തന്നെ നേരിട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
Content Highlight: Muvattupuzha 5th Class Girl Letter CM Against Toddy Shop Near Playground

































