#Kasaragod News #Viral Video #Manjeshwaram
കാസർകോട്: (https://truevisionnews.com/) കൊവിഡ് കാലത്ത് പൊലീസിനെ കണ്ട് നാട്ടുകാർ ഓടുന്ന പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ആ ഓർമ്മകൾ പുതുക്കി കാസർകോട് മഞ്ചേശ്വരത്തെ ബാച്ചിലിഗയിൽ നിന്നും വീണ്ടും ഒരു ഓട്ടപ്പന്തയം. എന്നാൽ, ഇത്തവണത്തെ ഓട്ടത്തിന് പിന്നിൽ കാരണം കൊവിഡ് ആയിരുന്നില്ല, മറിച്ച് കുടിവെള്ളത്തിന് വേണ്ടി നിർമ്മിച്ച കുളമായിരുന്നു.
കാസർഗോഡ് മഞ്ചേശ്വരം പഞ്ചായത്തിലെ ആറാം വാർഡിലുള്ള ഈ കുളം കുടിവെള്ള വിതരണത്തിനായി നിർമ്മിച്ചതാണ്. എന്നാൽ, ഇൻസ്റ്റാഗ്രാമിൽ ഈ കുളത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇവിടെ യുവാക്കളുടെ പ്രിയപ്പെട്ട താവളമായി മാറി.
ലൊക്കേഷൻ സഹിതം വീഡിയോകൾ പ്രചരിച്ചതോടെ ഇത് കുളിക്കാനുള്ള കുളമാണെന്ന് തെറ്റിദ്ധരിച്ച് കർണാടകയിൽ നിന്നടക്കമുള്ള നിരവധി യുവാക്കളാണ് ദിവസവും ഇവിടെ എത്തി തുടങ്ങിയത് . കഴിഞ്ഞദിവസം കുളത്തിൽ കുളിക്കുകയായിരുന്ന ഒരു സംഘം യുവാക്കൾ പൊലീസിനെ കണ്ട് പരിഭ്രാന്തരായി ചിതറിയോടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
കൊവിഡ് കാലത്തെ പൊലീസിനെ കണ്ടുള്ള ഓട്ടത്തിന് സമാനമായ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്. കുടിവെള്ളത്തിനായി മാത്രം ഉപയോഗിക്കേണ്ട കുളത്തിൽ ആളുകൾ കൂട്ടത്തോടെ എത്തി കുളിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതേത്തുടർന്നാണ് പൊലീസ് സ്ഥലത്ത് പരിശോധനയ്ക്കെത്തിയത്.
Content Highlight: Kasaragod Viral Video Youth Run Seeing Police Bathing In Drinking Water Pond

































