#Kottayam News #Kerala Police #kottayam theft case #vaikom robbery attempt
കോട്ടയം: ( www.truevisionnews.com) ആക്രി പെറുക്കാനെത്തിയെന്ന വ്യാജേന വീട്ടിൽ കയറി സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടമ്മയുടെ ധീരമായ ഇടപെടലിൽ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇടയാഴം മാരാവള്ളിച്ചിറയിൽ താമസിക്കുന്ന കനകമ്മ (60) ആണ് മോഷ്ടാവിനെ കൈയോടെ പിടികൂടിയത്.
ബംഗാൾ സ്വദേശി റഹിം (40) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. മകൾ മനീഷയും കൊച്ചുമകളും ഉദയനാപുരത്തെ വീട്ടിലേക്ക് പോയിരുന്നു. കനകമ്മ പല്ലുവേദനയ്ക്ക് ചികിത്സ തേടി വൈക്കം താലൂക്ക് ആശുപത്രിയിലും പോയിരുന്നു. ചികിത്സ വൈകിയതോടെ പെട്ടെന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയതാണ് തിരിച്ചടിയായത്.വീട്ടിലെത്തിയപ്പോൾ പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടു.
സംശയം തോന്നി ആരാണെന്ന് ചോദിച്ചതോടെ അടുക്കള വാതിലിലൂടെ ഒരു യുവാവ് പുറത്തേക്ക് ഓടി. ആക്രി പെറുക്കാനായി കൊണ്ടുവന്ന മുച്ചക്ര വാഹനത്തിലേക്ക് ഇയാൾ ഓടുകയായിരുന്നു. ഈ സമയം കൈയിൽ സ്വർണത്തിന്റെ ചെപ്പ് കണ്ടതോടെ കനകമ്മ ഉടൻ ബഹളം വച്ചു. ബഹളം കേട്ട് പരിസരവാസികൾ ഓടിക്കൂടി. ഇവരുടെ സഹായത്തോടെ റഹിമിനെ വളഞ്ഞ് പിടിച്ചു.
നടത്തിയ പരിശോധനയിൽ വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും മൊബൈൽ ഫോണും ഇയാളുടെ കൈവശത്ത് നിന്ന് കണ്ടെടുത്തു. കഴിഞ്ഞയാഴ്ച കൊച്ചുമോളുടെ മൂന്നാം പിറന്നാളിന് പിതാവ് രഞ്ജിത്തിന്റെ സുഹൃത്തുക്കൾ സമ്മാനമായി നൽകിയതായിരുന്നു ആ മാല. തുടർന്ന് കല്ലറ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച സാധനങ്ങൾ തിരിച്ചുകിട്ടിയതിനാൽ വീട്ടുകാർക്ക് പരാതി നൽകാൻ താൽപര്യമില്ല. അതിനാൽ കേസെടുക്കേണ്ടെന്ന നിലപാടിലാണ് എന്ന് പൊലീസ് അറിയിച്ചു. ആളില്ലാത്ത സമയം നോക്കി വീടുകളിൽ മോഷണം നടത്തുന്ന സംഘങ്ങൾ സജീവമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Content Highlight: Kottayam Vaikom Theft Case Elderly Woman Catches Thief Bengal Native Arrested
#Kottayam News #Kerala Police #kottayam theft case #vaikom robbery attempt

































