---
title: "ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ് "
english_title: "Actress Sreevidya Mullachery Facing Arrest Warrant In Fake Trading App Advertisement Case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372493/actress-sreevidya-mullachery-facing-arrest-warrant-in-fake-trading-app-advertisement-case"
published_at: "2026-07-15T12:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57314769b50_actress-sreevidya-mullachery-facing-arrest-warrant-in-fake-trading-app-advertisement-case.jpg"
keywords: ["sreevidya mullachery", "binomo trading app scam", "court case"]
---

# ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ് 

> **Lead Summary:** ** പ്രമു**ഖ സിനിമാ-സീരിയൽ താരവും ടെലിവിഷൻ ഷോകളിലൂടെ ജനപ്രീതി നേടിയതുമായ ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ കോടതിയിൽ നിന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ. മുൻപ് സ്വന്തം സോഷ്യൽ മീഡിയ പേജ് വഴി വ്യാജ ട്രേഡിങ് ആപ്പ് പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടിക്കെതിരെ ഈ നടപടി.

## Article Content

** പ്രമു**ഖ സിനിമാ-സീരിയൽ താരവും ടെലിവിഷൻ ഷോകളിലൂടെ ജനപ്രീതി നേടിയതുമായ ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ കോടതിയിൽ നിന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ. മുൻപ് സ്വന്തം സോഷ്യൽ മീഡിയ പേജ് വഴി വ്യാജ ട്രേഡിങ് ആപ്പ് പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടിക്കെതിരെ ഈ നടപടി.

നാല് വർഷം മുൻപ് ശ്രീവിദ്യ പങ്കുവെച്ച ഒരു പ്രമോഷൻ വീഡിയോ വിശ്വസിച്ച് ആപ്പിൽ പണം നിക്ഷേപിച്ച യുവാവിന് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതോടെയാണ് കേസിന്റെ തുടക്കം. വിഷുവിനോട് അനുബന്ധിച്ചായിരുന്നു തന്റെ പ്രേക്ഷകർക്ക് 'വിഷുക്കൈനീട്ടമായി' അഡീഷണൽ ഇൻകം നേടാം എന്ന് പറഞ്ഞ് ശ്രീവിദ്യ ബിനോമോ (Binomo) എന്ന ആപ്പ് പരിചയപ്പെടുത്തിയത്.

ഇന്ത്യയിൽ രണ്ട് മില്യണിലധികം സക്സസ്ഫുൾ ട്രേഡേഴ്സ് ഉണ്ടെന്നും, ഇത് ഏറ്റവും വിശ്വസിക്കാവുന്ന ആപ്പാണെന്നും താരം വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. ഇത് വിശ്വസിച്ച് ആപ്പിൽ 1,03,000 രൂപ നിക്ഷേപിച്ച യുവാവിന് പിന്നീട് ഒരു രൂപ പോലും തിരികെ ലഭിക്കുകയോ പിൻവലിക്കാൻ സാധിക്കുകയോ ചെയ്തില്ല. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി കേസ് പരിഗണിക്കുകയും പരാതിക്കാരനായ യുവാവിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. യുവാവിന് നഷ്ടപ്പെട്ട ഒരു ലക്ഷത്തി മൂവായിരം രൂപയും കൂടാതെ 50,000 രൂപ നഷ്ടപരിഹാരവും നൽകാനായിരുന്നു കോടതി വിധി. എന്നാൽ കഴിഞ്ഞ മാർച്ചിനുള്ളിൽ തുക നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടും നടി തയ്യാറായില്ല.

വിധി വന്ന് നാല് മാസത്തിലേറെ കഴിഞ്ഞിട്ടും തുക നൽകാത്തതിനെ തുടർന്ന് നാല് തവണ അറസ്റ്റ് വാറന്റ് വന്നിട്ടും പൊലീസ് ഇതുവരെ നടിയെ അറസ്റ്റ് ചെയ്തിട്ടില്ല. നിലവിൽ ഭർത്താവ് രാഹുലിനൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് ശ്രീവിദ്യ. കേസിൽ വിധി വന്നതിന് പിന്നാലെ തന്റെ ഭാഗം വാദിച്ച വക്കീലിന് വീഴ്ച പറ്റിയെന്ന് കാണിച്ച് ശ്രീവിദ്യ അപ്പീൽ നൽകിയിട്ടുണ്ട്.

എന്നാൽ താൻ വഞ്ചിതനാവുകയായിരുന്നുവെന്നും ഇന്ത്യയിൽ വിലാസം പോലുമില്ലാത്ത കമ്പനിയെയാണ് താരം ഏറ്റവും വിശ്വസിക്കാവുന്നത് എന്ന് പറഞ്ഞ് പരസ്യം ചെയ്തതെന്നും പരാതിക്കാരനായ യുവാവ് വ്യക്തമാക്കുന്നു. സ്റ്റാർ മാജിക് ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശ്രീവിദ്യ നേരിടുന്ന ഈ നിയമപ്രതിസന്ധി സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372493/actress-sreevidya-mullachery-facing-arrest-warrant-in-fake-trading-app-advertisement-case)