കണ്ണൂർ: ( www.truevisionnews.com ) തളിപ്പറമ്പ് ബസ്സ്റ്റാൻഡ് പരിസരത്ത് വയോധികൻ്റെ കൈയ്യിൽ നിന്നും അരപ്പവൻ സ്വർണമോതിരം കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. വളപട്ടണം സ്വദേശി മുഹമ്മദ് താഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശി നാരായണൻ്റെ (74) മോതിരമാണ് പ്രതി തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യാവൂർ ബസ് സ്റ്റാൻഡിനു സമീപത്തെ കടയക്കു മുന്നിൽ നിന്ന് നാരായണനെ പരിചയപ്പെട്ട പ്രതി തളിപ്പറമ്പിലേക്ക് യാത്രയ്ക്ക് ക്ഷണിക്കുകയായിരുന്നു. ബസ് യാത്രയ്ക്കിടെ നാരായണന്റെ കൈയിലെ മോതിരം നോക്കി ഇതു പോലൊന്ന് തനിക്കും പണിയണമെന്ന് പറഞ്ഞ് ഊരി വാങ്ങി നോക്കിയ ശേഷം തിരിച്ചു കൊടുത്തു.
ഇരുവരും തളിപ്പറമ്പിലെത്തിയപ്പോൾ മോതിരം പണിയാൻ തട്ടാനെ കാണിക്കണമെന്ന് പറഞ്ഞ് നാരായണനിൽ നിന്നും മോതിരം വാങ്ങിയ ശേഷമാണ് പ്രതി കടന്ന് കളഞ്ഞത്. വയോധികരെ പരിചയപ്പെട്ട് സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
kannur elderly man robbed of gold ring by fraudster suspect caught
































