( https://moviemax.in/)മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് ഈണമിട്ട ഇന്ത്യയുടെ പ്രിയപ്പെട്ട സംഗീത ഇതിഹാസമാണ് ഇളയരാജ. പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിക്കുന്ന അദ്ദേഹം, തന്റെ തനതായ ശൈലിയിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ സമാനതകളില്ലാത്ത സ്ഥാനം നേടിയെടുത്ത വ്യക്തിയാണ്.
ഇളയരാജയെ പത്മപാണി പുരസ്കാരം നൽകി ആദരിച്ച ചടങ്ങിന്റെ ഉദ്‌ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോൾ ശ്രദ്ധേയമാവുന്നു. 1,541 സിനിമകളിൽ സംഗീതവിസ്മയം തീർത്തിട്ടും തനിക്ക് സംഗീതം അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്
സംഗീതം പൂർണ്ണമായി അറിയില്ലെന്ന തോന്നലാണ് തന്നെ ഇപ്പോഴും ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഇളയരാജയെ പത്മപാണി പുരസ്കാരം നൽകി ആദരിച്ചു.
എഐഎഫ്എഫ് ചെയർപേഴ്സൺ നന്ദകിഷോർ കഗ്ലിവാൾ, എംജിഎം യൂണിവേഴ്സിറ്റി ചാൻസലർ അങ്കുശറാവു കദം, ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി എന്നിവർ ചേർന്നാണ് ഇളയരാജയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.
ചടങ്ങിൽ തന്റെ സംഗീത ജീവിതത്തിന്റെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, ഇന്നും താൻ ലൈവ് ഓർക്കസ്ട്രയിലൂടെയാണ് പാട്ടുകൾ റെക്കോർഡ് ചെയ്യുന്നതെന്ന് വ്യക്തമാക്കി.
വികാരങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കാൻ ലൈവ് ഇൻസ്ട്രുമെന്റുകൾക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'എൻ്റെ 1,541-ാമത്തെ സിനിമയുടെ പശ്ചാത്തല സംഗീതം പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ചടങ്ങിനെത്തിയത്. ഞാൻ എങ്ങനെയാണ് ഒരു പാട്ട് അല്ലെങ്കിൽ ട്യൂൺ കണ്ടെത്തുന്നത് എന്ന് ആളുകൾ ചോദിക്കാറുണ്ട്.
ഞാൻ അവരോട് പറയുന്നു, എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്. എനിക്ക് സംഗീതത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നെങ്കിൽ, വീട്ടിലിരുന്ന് ഞാൻ അതിൽ പ്രാവീണ്യം നേടി എന്ന് കരുതിയിരുന്നേനെ,' എന്ന് അദ്ദേഹം പറഞ്ഞു.
50 വർഷങ്ങൾക്ക് മുമ്പ്, ഏകദേശം 1968-ൽ തന്റെ കരിയറിന്റെ തുടക്കത്തിൽ സംഗീതം വ്യത്യസ്തമായിരുന്നു. കാരണം അക്കാലത്ത് സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ല. ഇന്ന്, ഇലക്ട്രോണിക് ഉപകരണങ്ങളും കീബോർഡുകളും ഉപയോഗിച്ച് സംഗീതം നിർമ്മിക്കുന്നത് എളുപ്പമായിരിക്കുന്നു. ഇത് എല്ലാ വീട്ടിലും സംഗീതസംവിധായകൻമാരെ സൃഷ്ടിച്ചുവെന്നും ഇളയരാജ കൂട്ടിച്ചേർത്തു.
'I don't know music,' what Ilayaraja said is now becoming noticeable

































