കൊല്ലം: ( www.truevisionnews.com ) ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍ തുടരും. ജാമ്യഹര്‍ജി പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. പങ്കജ് ഭണ്ഡാരി ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയെന്നാണ് തന്ത്രി ഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവരിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി വാദം. തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു.
ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുജ്ഞ നല്‍കിയതിലാണ് പരിശോധന. തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കുമെന്ന് എസ്‌ഐടി വ്യക്തമാക്കി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാന്‍ഡ് 90 ദിവസം പിന്നിട്ടാല്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം.
അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കര്‍ശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
kandararu Rajeeva will remain in jail consideration of bail plea postponed to next week

































