ആലപ്പുഴ: ( www.truevisionnews.com ) എൻഎസ്എസ്-എസ്എൻഡിപി ഐക്യം പൊളിഞ്ഞതിന് പിന്നാലെയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസിന്റെ പിൻവാങ്ങലിന് കാരണം രാഷ്ട്രീയ സ്വാധീനമാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഐക്യം പ്രഖ്യാപിച്ച ഉടൻ ആദരണീയനായ സുകുമാരൻ നായർ പിന്തുണച്ചു. തുഷാറിനെ മകനെ പോലെ സ്നേഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
തനിക്ക് കരുത്ത് നൽകിയ മഹാനായ സുകുമാരൻ നായർ നിഷ്കളങ്കനാണ്. ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ്. പിന്നെ വന്നത് ഡയറക്ടർ ബോർ ബോർഡിന്റെ അഭിപ്രായം. അത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എൻഎസ്എസിൻ്റെ തീരുമാനത്തിൽ വിഷമവും ദുഖവുമില്ലെന്നും സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളി പറയില്ലെന്നും തമ്മിൽ തല്ലിക്കാൻ നോക്കുന്നത് മാധ്യമങ്ങളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നായൻമാർ സഹോദരൻമാരെ പോലെയാണ്. എല്ലാവരും ഹിന്ദുക്കളാണ്. വിശ്വാസവും ചോരയും ഒന്നാണ്. ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകും. വിഭാഗീയത ലോകാവസാനം വരെ നിൽക്കില്ല. പ്രതിസന്ധി ഘട്ടത്തിൽ സുകുമാരൻ നായർ നൽകിയ പിന്തുണ എന്നും ഓർമിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നായർ ഈഴവ ഐക്യം മാത്രമല്ല. നായാടി മുതൽ നസ്രാണിവരെ എന്നാണ് പറഞ്ഞത്. ഇതിൽ ആർക്കും പങ്കുചേരാം. ഐക്യത്തിന് പിന്നിൽ ഒരു അജണ്ടയുണ്ടയുമില്ല. എതിർപ്പ് ലീഗിനോട് മാത്രമാണ്. മുസ്ലിം സമുദായത്തോട് അല്ല. ലീഗിനെതിരെ പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്നുവെന്നും സംവാദത്തിന് തയാറാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പത്മഭൂഷനിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം നിഷേധിച്ച് എസ്എൻഡിപി വെള്ളാപ്പള്ളി നടേശൻ. പത്മഭൂഷൻ സ്വീകരിക്കുമെന്നും വ്യക്തമാക്കി. പത്മഭൂഷൻ സ്വീകരിക്കാതിരിക്കാൻ താൻ അത്ര മണ്ടനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടെല്ലാം കുറ്റം എന്ന് പറയുന്നത് പോലെയാണ്.
തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിവാദമുണ്ടാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പത്മഭൂഷണം തനിക്ക് കിട്ടിയത് സംഘടനാപ്രവർത്തനത്തിനാണ്. വെള്ളാപ്പള്ളിയുടെ മാത്രം കഴിവല്ല ഇതൊന്നും. സമുദായത്തിനാണ് പുരസ്ക്കാരം. പുരസ്കാരം ഗുരുദേവന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
vellappally natesan responds to the controversies following the breakdown of the nss sndp unity

































