അഭിനയത്തിലേക്ക് ഇറങ്ങിയശേഷം വലിയ രീതിയിലുള്ള വിമർശനമാണ് രേണു സുധിക്ക് സോഷ്യൽമീഡിയ വഴി ലഭിക്കുന്നത്. അടുത്തിടെ രേണുവിന്റെ റീലുകൾ അരോചകമായി തോന്നുന്നുവെന്നും നടിയെ പിടിച്ച് ജയിലിൽ അടക്കണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ രംഗത്ത് എത്തിയത് വൈറലായിരുന്നു. എന്നാൽ അഭിനയമാണ് ഇനിയങ്ങോട്ട് തന്റെ വഴിയെന്ന് രേണു ഉറപ്പിച്ച് കഴിഞ്ഞു. മ്യൂസിക്ക് വീഡിയോകളിൽ മാത്രമല്ല. സിനിമകളിലും പരസ്യങ്ങളിലും രേണു അഭിനയിച്ച് തുടങ്ങി.
ഇപ്പോഴിതാ രേണുവിനെ വെച്ച് ആളുകൾ അവസരം മുതലാക്കി റീച്ചുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് രേണു. ചോയിസ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. താൻ മദർതെരേസയല്ലെന്നും അധിക്ഷേപം കണ്ടാൽ പ്രതികരിക്കുമെന്നും രേണു പറയുന്നു.
ഇൻസ്റ്റഗ്രാമിൽ അടുത്തിടെയായി ഞാൻ നിരന്തരം ലൈവ് ചെയ്യാറുണ്ട്. അതിനടിയിൽ അധിക്ഷേപം വരുമ്പോൾ പ്രതികരിക്കാറുമുണ്ട്. ഇന്നത്തെ കാലത്ത് ജാതി പോലുള്ളവ പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണല്ലേ?. ഞാൻ ഉന്നതകുല ജാതയൊന്നുമല്ല. എടി അട്ടപ്പാടി എന്നൊക്കെ വിളിച്ചാണ് പരിഹസിക്കുന്നത്. അതിൽ എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ അട്ടപ്പാടിയാണെന്ന് തന്നെയാണ് ഞാൻ മറുപടി പറഞ്ഞത്. സ്വന്തമായി വീടുണ്ടാകുന്നത് വരെ ഞാൻ താമസിച്ചതും കോളനിയിലാണ്.
അതുകൊണ്ട് തന്നെ കോളനിയെന്ന് വിളിച്ചാൽ അതെ ഞാൻ കോളനിയാണെന്ന് തന്നെയാണ് ഞാൻ മറുപടി പറയാറ്. പിന്നെ ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല. പോടി എന്ന് എന്നെ വിളിച്ചാൽ ഞാനും തിരിച്ച് പോടിയെന്ന് വിളിക്കും. ചീത്ത വിളിക്കുന്നവരെപ്പോലെ തന്നെ എന്നെ സപ്പോർട്ട് ചെയ്യുന്നവരും ഒരുപാടുണ്ടെന്നും രേണു പറയുന്നു.
തന്നെ കുറിച്ച് പരാതിപ്പെട്ട സ്ത്രീയെ കുറിച്ചും രേണു സംസാരിച്ചു. ആ സ്ത്രീ ആരാണെന്ന് എനിക്കറിയില്ല. ആ സ്ത്രീ ചെയ്യുന്ന കാര്യങ്ങളാകും എന്നിൽ അടിച്ചേൽപ്പിച്ചത്. ഞാനും ഈ വോയ്സ് കേട്ടിരുന്നു. ഇവർക്കെതിരെ കേസ് കൊടുക്കാൻ പലരും പറഞ്ഞു. പക്ഷെ ഞാൻ കൊടുത്തില്ല. കൊടുത്തിട്ട് വല്ല പ്രയോജനവുമുണ്ടോ?. കൊലപാതകം, മോഷണം, പിടിച്ചുപറി, അധിക്ഷേപം, പീഡനം എന്നിവയൊന്നും ചെയ്യുന്നയാളല്ല ഞാൻ. പിന്നെ എന്തിന്റെ പേരിൽ എന്നെ ജയിൽ ഇടണമെന്നാണ് ആ സ്ത്രീ പറയുന്നത്.
റീൽ ചെയ്യുന്നതിനോ?. ഞെക്കിപിടിക്കൽ എന്ന് ആ സ്ത്രീ പറഞ്ഞതെന്താണെന്നും എനിക്ക് മനസിലാവുന്നില്ല. റൊമാന്റിക്ക്, വെഡ്ഡിങ് ഷൂട്ടുകൾ വൃത്തികേടാണോ. എനിക്ക് വരുന്ന വർക്കുകളാണ് ഞാൻ ചെയ്യുന്നത്. അങ്ങോട്ട് പോയി കഥാപാത്രം ആവശ്യപ്പെടാറില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങൾ ആസ്വദിച്ചാണ് ഞാൻ ചെയ്യുന്നത്.
ഞാനും അഭിനയം പഠിക്കുന്നതേയുള്ളു. സിനിമാ പശ്ചാത്തലത്തിൽ നിന്നും വന്നയാളുമല്ല. എന്റെ മാതാപിതാക്കൾ സാധാരണക്കാരാണ്. സിനിമ ഫീൽഡിനെ കുറിച്ച് കുറച്ചൊക്കെ സുധി ചേട്ടൻ പറഞ്ഞ് എനിക്ക് അറിയാം. സുധി ചേട്ടനുണ്ടായിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. എന്റെ ബോഡിക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. എനിക്ക് അതിൽ ഷെയിം തോന്നിയിട്ടില്ല.
ഞാൻ കുറച്ച് മെലിഞ്ഞിട്ടാണ്. അടുത്തിടെയായി ചില പരസ്യങ്ങളിലും അവസരം വരുന്നുണ്ട്. എല്ലാം ചോദിച്ച് മനസിലാക്കിയിട്ട് തന്നെയാണ് അഭിനയിക്കാൻ പോകുന്നത്. ഞാൻ സ്ത്രീകൾക്കൊപ്പം ഫോട്ടോയിട്ടാലും നെഗറ്റീവ് കമന്റ് വരും. ഇപ്പോഴത്തെ എന്റെ ലൈഫ് ഞാൻ ആസ്വദിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ ആരും എന്റെ മുഖത്ത് നോക്കി നെഗറ്റീവ് പറഞ്ഞിട്ടില്ല.
ഞാൻ പിടിച്ച് തല്ലുമോയെന്ന് പേടിച്ചിട്ടാണോയെന്നും അറിയില്ല. ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ? എന്നും രേണു ചോദിക്കുന്നു.
renusudhi reacted unknown womens viral phonecall