വിഷാദരോഗം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ ( Depression Symptoms ) എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആഗോളതലത്തില്‍ തന്നെ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ മുൻപന്തിയിലാണ് ഇന്ത്യയെന്നതും അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കപ്പെട്ടിരുന്നു.
ഇതിനിടെ മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗം അടക്കമുള്ള മാനസികപ്രശ്നങ്ങളെ കുറിച്ചും വലിയ രീതിയിലുള്ള ചര്‍ച്ചകളും സജീവമായിത്തുടങ്ങി. ഇക്കൂട്ടത്തില്‍ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണങ്ങളില്‍ വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നൊരു താരമാണ് ദീപിക പദുകോണ്‍ ( Deepika Padukone ) .
ഇത്തരം വിഷയങ്ങളില്‍ സെലിബ്രിറ്റികള്‍ പങ്കാളികളാകുമ്പോള്‍ അതിനുണ്ടാകുന്ന ഫലം ചെറുതല്ല. പ്രത്യേകിച്ച് ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ ആത്മഹത്യയോടെയാണ് വിഷാദരോഗത്തെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ ബോളിവുഡിലും അതിന് പിന്നാലെ യുവാക്കള്‍ക്കിടയിലും സജീവമായത്.
ഈ സാഹചര്യങ്ങളിലെല്ലാം താൻ വിഷാദരോഗത്തെ എങ്ങനെയാണ് ചെറുത്ത് തോല്‍പിച്ചതെന്ന് ദീപിക പലതവണ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും അതെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ദീപിക. മുംബൈയില്‍ അടുത്തിടെ നടന്നൊരു പരിപാടിക്കിടെയാണ് ദീപിക തന്‍റെ അനുഭവങ്ങള്‍ വീണ്ടും പങ്കുവച്ചത്.
വിഷാദം അലട്ടിയിരുന്ന നാളുകളില്‍ ആത്മഹത്യയെ കുറിച്ചായിരുന്നു ഏറെയും ചിന്തിച്ചിരുന്നതെന്നും കൃത്യസമയത്ത് അമ്മയുടെ ഇടപെടലോടെ ചികിത്സ ലഭ്യമായതോടെയാണ് ജീവിതം മാറിമറിഞ്ഞതെന്നും ദീപിക പറയുന്നു. 'കരിയറില്‍ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്.
എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇങ്ങനെയെല്ലാം സംഭവിക്കാൻ യാതൊരു കാരണങ്ങളും നിലനിന്നിരുന്നില്ല. എന്നിട്ടും അത് സംഭവിച്ചു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്ക് വല്ലാത്ത ശൂന്യത തോന്നി. വയറ്റിനുള്ളില്‍ നിന്നൊക്കെ എന്തോ അസ്വസ്ഥത. എന്ത് ചെയ്യണമെന്നറിയില്ല. എങ്ങോട്ടെങ്കിലും പോകാൻ തോന്നും, പക്ഷേ എങ്ങോട്ടെന്ന് അറിയില്ല.
ഒരു ദിശാബോധവുമില്ല. കുത്തിയിരുന്ന് കരഞ്ഞുകൊണ്ടേയിരുന്നു... വിശദീകരിക്കാൻ ഒരു കാരണവുമില്ലാതെ ഞാൻ തകര്‍ന്നുകൊണ്ടിരുന്നു. ചില ദിവസങ്ങളില്‍ ഞാൻ കിടപ്പുമുറി വിട്ട് പുറത്തിറങ്ങുകയേ ചെയ്യില്ലായിരുന്നു. എപ്പോഴും ഉറങ്ങും. ഉറക്കം തീരാത്തത് കൊണ്ടല്ല, അതെനിക്കൊരു രക്ഷപ്പെടലായിരുന്നു.
ആത്മഹത്യയെ കുറിച്ചായിരുന്നു എപ്പോഴും ചിന്ത... ...എന്‍റെ അമ്മയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. എന്‍റെ പ്രശ്നം ആദ്യം തിരിച്ചറിഞ്ഞത് ( Depression Symptoms ) അമ്മയാണ്. കാരണം അത് തിരിച്ചറിയാനുള്ള മാനസികാവസ്ഥ പോലും എനിക്കില്ലായിരുന്നു.
ബംഗലൂരുവില്‍ നിന്ന് അമ്മയും അച്ഛനും മുംബൈയില്‍ എന്നെ കാണാൻ വരുമ്പോഴെല്ലാം ഞാൻ എല്ലാ കാര്യങ്ങളും നോര്‍മലാണെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിക്കുമായിരുന്നു. എന്നിട്ടും അവരത് മനസിലാക്കി. പ്രണയമാണോ പ്രശ്നം, ജോലിയാണോ പ്രശ്നം, മറ്റെന്തെങ്കിലും സംഭവിച്ചോ എന്നെല്ലാം അമ്മ ചോദിച്ചുകൊണ്ടിരുന്നു.
എനിക്ക് ഉത്തരമുണ്ടായിരുന്നില്ല...'- ദീപിക പറയുന്നു. തുടര്‍ന്ന് വിഷാദരോഗം സ്ഥിരീകരിച്ചതോടെ സൈക്യാട്രിസ്റ്റിന് കീഴില്‍ ചികിത്സ തുടങ്ങിയെന്നും മരുന്ന് എടുത്ത് തുടങ്ങിയതോടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയെന്നും ദീപിക പറയുന്നു. നിലവില്‍ മാനസികാരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് തണലൊരുക്കുന്ന 'ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ' പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ദീപിക.
2015ല്‍ ദീപികയാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. വിഷാദരോഗം പോലുള്ള മാനസിക വിഷമതകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ചുറ്റുമുള്ളവരുടെ പിന്തുണ ഏറെ ആവശ്യമാണ്. ഒപ്പം ചികിത്സയും. ഈ രണ്ട് കാര്യങ്ങളും ഉറപ്പുവരുത്താനായില്ലെങ്കില്‍ ഒരുപക്ഷേ നമ്മുടെ കണ്‍മുന്നില്‍ വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇല്ലാതായിപ്പോകുന്ന അവസ്ഥയുണ്ടാകാം.
അതുകൊണ്ട് തന്നെ മാനസികാരോഗ്യത്തെ നിസാരമായി കാണാതെ, അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിക്കൊണ്ട്, പോരാടിക്കൊണ്ട്, പരസ്പരം ആശ്രയമായിക്കൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഇതുതന്നെയാണ് ദീപികയെ ( Deepika Padukone ) പോലുള്ളവരും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
നല്ല ഭംഗിയുള്ള ചെറിയ സേഫ്, അല്ലേ? സത്യത്തില്‍ ഇത് എന്താണെന്നറിയാമോ?
കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ള, ഒതുക്കമുള്ള ചെറിയൊരു ( Small Safe ) സേഫ്. പിടിയും പൂട്ടുമെല്ലാം വൃത്തിയായി ചെയ്തിട്ടുണ്ട്. കിടപ്പുമുറിയിലോ എല്ലാം വയ്ക്കാവുന്നൊന്ന്. ഇതൊക്കെ ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷേ സംഗതി അതൊന്നുമല്ല. ചോക്ലേറ്റ് കൊണ്ട് ( Made of Chocolate ) ഉണ്ടാക്കിയിരിക്കുന്നൊരു 'ഡ്യൂപ്ലിക്കേറ്റ്' സേഫ് ആണിത്.
കേട്ടാല്‍ പെട്ടെന്ന് വിശ്വാസം തോന്നിയേക്കില്ല. പക്ഷേ, സത്യമാണ്. ചോക്ലേറ്റ് കൊണ്ടാണ് ഇത് ആകെയും നിര്‍മ്മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലങ്ങളിലായി വളരെയധികം തരംഗമായിരുന്നു കേക്കുകളിലെ പുത്തൻ പരീക്ഷണങ്ങള്‍.
നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും ഉപകരണങ്ങളുടെയും രൂപം മുതല്‍ മനുഷ്യരുടെ മുഖം വരെ കേക്കില്‍ ചെയ്ത് പരീക്ഷിച്ച് വിജയിച്ചവരുണ്ട്. ലോക്ഡൗണ്‍ കാലത്താണ് പ്രധാനമായും ഈ ട്രെൻഡ് സജീവമായിരുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കേക്ക് നിര്‍മ്മാതാക്കളും നിരവധിയാണ്.
ഇക്കൂട്ടത്തില്‍ തന്നെ ചോക്ലേറ്റ് കൊണ്ട് ഇത്തരം അത്ഭുതങ്ങള്‍ തീര്‍ക്കുന്നവരുമുണ്ട്. പേസ്ട്രി ഷെഫ് ആയ അമൗരി ഗുഷിൻ ആണ് ചോക്ലേറ്റ് കൊണ്ട് സേഫ് ( Small Safe ) തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹം എങ്ങനെയാണിത് ചെയ്തതെന്ന് ഒരു വീഡിയോയില്‍ വ്യക്തമായി കാണിച്ചിട്ടുമുണ്ട്.
സംഗതി കാഴ്ചയ്ക്ക് 'സിമ്പിള്‍' ആണെന്ന് തോന്നുമെങ്കിലും ഇതുണ്ടാക്കാൻ ചില്ലറ പാടുണ്ടെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും. സേഫ് മാത്രമല്ല, അതിനകത്തിരിക്കുന്ന സ്വര്‍ണവും ഷെഫ് തന്നെ കാരമലും ചോക്ലേറ്റുമെല്ലാം വച്ച് ( Made of Chocolate ) തയ്യാറാക്കിയതാണ്.
സേഫിന്‍റെ ഓരോ ഭാഗവും സൂക്ഷ്മമായാണ് തയ്യാറാക്കുന്നത്. എല്ലാത്തിനും ശേഷം മെറ്റല്‍ പൂര്‍ണത കിട്ടാൻ നിറവും അടിക്കുന്നുണ്ട്. പക്ഷേ ഏറ്റവും രസം അകത്തിരിക്കുന്ന സ്വര്‍ണ ചോക്ലേറ്റാണ്.
ഇത് ഷെഫ് തന്നെ മുറിച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വ്യത്യസ്തമായ ഈ പരീക്ഷണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
'All those days the whole thought was about suicide'; Deepika Padukone