#latest news #shell companies #hawala transactions #ponnanni
തിരുവനന്തപുരം:(truevisionnews.com) അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കോടികളുടെ ഹവാല ഇടപാട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരായ പൊന്നാനി സ്വദേശികളായ സഹോദരന്മാർ നൂറിലേറെ ഷെൽ കമ്പനികളാണ് ഇതിനായി രൂപീകരിച്ചത്. കേരളത്തിന് പുറമേ ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലായി തുടങ്ങിയ ഈ കമ്പനികളിൽ ഭൂരിഭാഗവും ഡൽഹിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ട് വർഷത്തിനിടെ 600 കോടിയുടെ ഹവാല ഇടപാടാണ് നടന്നത്. പൊന്നാനി സ്വദേശികളായ മുഹമ്മദ് ജമീൽ, അബ്ദുള്ള ജാസിം എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. ഇവരുടെ സുഹൃത്തുക്കളായ മലപ്പുറം സ്വദേശികളായ നാല് യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. അടയ്ക്കാ കച്ചവടത്തിലെ ലാഭം കാണിച്ച് ജമീലും ജാസിമും ചേർന്ന് സുഹൃത്തുക്കളെക്കൊണ്ട് ഒരു സ്ഥാപനം തുടങ്ങിപ്പിച്ചു. ഡൽഹി കേന്ദ്രീകരിച്ച് വലിയ ബിസിനസ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്. ആദ്യം ചെറിയ രീതിയിലുള്ള അടയ്ക്കാ വിൽപ്പനയാണ് നടത്തിയിരുന്നത്.
ഇതിനിടെ ഒരു കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് വിളിപ്പിച്ചപ്പോഴാണ് യുവാക്കൾ ചതി തിരിച്ചറിഞ്ഞത്. തങ്ങളുടെ അക്കൗണ്ടിലേക്ക് വന്നത് നിയമവിരുദ്ധമായ പണമാണെന്നും അത് ഹവാല ഇടപാടാണെന്നും യുവാക്കൾ മനസ്സിലാക്കി. തുടർന്ന് അക്കൗണ്ടുകൾ മരവിപ്പിച്ചു. രണ്ട് വർഷത്തിനിടെ ഈ നാല് യുവാക്കളുടെ അക്കൗണ്ടുകളിലൂടെ മാത്രം 600 കോടിയുടെ ഇടപാടാണ് നടന്നത്. ഇതിന് അടയ്ക്കാ വ്യാപാരവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ യുവാക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് അഞ്ച് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന ഷെൽ കമ്പനികളുടെ ശൃംഖല പുറത്തുവന്നത്. സൂത്രധാരന്മാരായ സഹോദരങ്ങൾക്ക് പുറമേ, വയനാട് പനമരം സ്വദേശി അലി അക്ബറും സംഘത്തിലെ പ്രധാനിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലെ ഹവാല ഇടപാടുകൾ ഏകോപിപ്പിച്ചത് നഫീസ് അഹമ്മദ് എന്നയാളാണ്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
Content Highlight: It was discovered that hawala transactions worth crores were carried out through the bank accounts of shell companies under the guise of offshore trading.
#latest news #shell companies #hawala transactions #ponnanni
































