---
title: "3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; സമൻസുകൾ അവഗണിച്ചു, നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്!"
english_title: "Actor Prakash Raj non-bailable warrant, voter ID"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367744/actor-prakash-raj-non-bailable-warrant-voter-id"
published_at: "2026-06-23T09:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a06c373e7e_PRAKASHRAJ.jpg"
keywords: ["Latest News", "Actor Prakash Raj", "Non-Bailable Warrant"]
---

# 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; സമൻസുകൾ അവഗണിച്ചു, നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്!

> **Lead Summary:** **[**മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

## Article Content

**[**മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

കോടതി തുടർച്ചയായി മൂന്ന് തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ കടുത്ത നടപടി. കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ തിരിച്ചറിയൽ കാർഡുകളുണ്ടെന്ന് കാണിച്ച് ശേഷാദ്രിപുരം സ്വദേശിയായ അഡ്വ. കെ. ദിലീപ് കുമാറാണ് കോടതിയെ സമീപിച്ചത്.

ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലെ വോട്ടർപട്ടികയിൽ നടൻ പേര് ചേർത്തിട്ടുണ്ടെന്നും, ഇതിൽ വേളാച്ചേരിയിൽ മാത്രം രണ്ട് വോട്ടുകളുണ്ടെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

ഒരു ഇന്ത്യൻ പൗരന് രാജ്യത്ത് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നിയമപരമായി അനുവാദമുള്ളൂ. ഈ നിയമം ലംഘിച്ച പ്രകാശ് രാജിനെതിരെ പരാതിക്കാരൻ ആദ്യം ഹലാസൂരു ഗേറ്റ് പൊലീസിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ദിലീപ് കുമാർ കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്തത്. കേസിൽ കോടതി നേരത്തെ രണ്ട് തവണ സമൻസ് അയച്ചിരുന്നെങ്കിലും താരം കോടതിയിൽ ഹാജരാകാൻ തയാറായിരുന്നില്ല.

കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. അതിനിടെ, ധർമസ്ഥല വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പതിനെട്ടാം തീയതി ബെംഗളൂരുവിൽ പ്രകാശ് രാജ് വാർത്താസമ്മേളനം നടത്തിയപ്പോൾ പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു.

എന്നാൽ അന്ന് താരത്തിന് സമൻസ് കൈമാറാൻ തയാറാകാതിരുന്ന പൊലീസിന്റെ നടപടിക്കെതിരെ ഇപ്പോൾ വ്യാപക വിമർശനമുയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/367744/actor-prakash-raj-non-bailable-warrant-voter-id)