---
title: "'വ്യക്തിപരമായ വിഴുപ്പലക്കലുകൾക്ക് 'അമ്മ'യെ വേദിയാക്കരുത്, പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം' -  ജഗദീഷ്"
english_title: "Don't violate the organization's discipline; Jagadish clarifies his stance on the crises in 'Amma'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367839/dont-violate-the-organizations-discipline-jagadish-clarifies-his-stance-on-the-crises-in-amma"
published_at: "2026-06-23T15:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a55e51c7ba_jagatheesh.jpg"
keywords: ["Amma organization", "AMMA", "Jagadish"]
---

# 'വ്യക്തിപരമായ വിഴുപ്പലക്കലുകൾക്ക് 'അമ്മ'യെ വേദിയാക്കരുത്, പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം' -  ജഗദീഷ്

> **Lead Summary:** ** **വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും വാദപ്രതിവാദങ്ങളും ഉന്നയിച്ച് താരസംഘടനയായ 'അമ്മ'യെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് നടൻ ജഗദീഷ്.

## Article Content

** **വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും വാദപ്രതിവാദങ്ങളും ഉന്നയിച്ച് താരസംഘടനയായ 'അമ്മ'യെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് നടൻ ജഗദീഷ്.

വലുപ്പച്ചെറുപ്പമില്ലാതെ അംഗങ്ങള്‍ സംഘടനയുടെ അച്ചടക്കം പാലിക്കണമെന്നാണ് ആദ്യകാലം മുതല്‍തന്നെ കാണിച്ചുതന്നത്. കഴിഞ്ഞ ദിവസത്തെ ജനറല്‍ ബോഡി യോഗം ആ രീതിയില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന അംഗങ്ങളുടെ വിജയമാണെന്നും ജഗദീഷ് പറഞ്ഞു. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുവേണം അഡ്‌ഹോക്ക് കമ്മിറ്റിയും ഭാരവാഹികളും മുന്നോട്ടുപോകേണ്ടതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.

വാര്‍ഷിക യോഗത്തില്‍ കണക്കിന് കൃത്യതയില്ലെന്ന തോന്നല്‍ അംഗങ്ങള്‍ക്കുണ്ടായത് സ്വാഭാവികമാണ്. ട്രഷററെ അവധിയെടുപ്പിച്ചു പറഞ്ഞുവിട്ടെങ്കില്‍ അത് എന്തിനെന്ന് സംഘടനയെ ബോധ്യപ്പെടുത്തണം. ട്രഷറര്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കപ്പെടണം എന്നും ജഗദീഷ് പറയുന്നു.

'അമ്മയുടെ കണക്കില്‍ വലിയക്രമക്കേടോ തട്ടിപ്പോ നടന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. റിപ്പോര്‍ട്ടും കണക്കും കാഷ്വലായി അവതരിപ്പിച്ച രീതിയില്‍ അംഗങ്ങള്‍ക്ക് സംശയം തോന്നാം', ജഗദീഷ് അഭിപ്രായപ്പെട്ടു.

തായ്‌ലന്‍ഡില്‍ ജനറല്‍ബോഡി നടത്താന്‍ അല്ല സംഘടന തീരുമാനം എടുക്കേണ്ടത്. മറിച്ച് പ്രതിസന്ധിയുള്ളവരെ സഹായിക്കാനാകണം. ആരോപണ വിധേയര്‍ കേസില്‍ നിന്നും മുക്തരാകും വരെ നേതൃത്വത്തിലേക്ക് വരേണ്ട എന്നത് സംഘടനയുടെ തീരുമാനമാണ്.

വ്യക്തികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിഴുപ്പലക്കലുകള്‍ക്കും സംഘടനയെ വേദിയാക്കരുത്. 'അമ്മ'യുടെ സല്‍പ്പേരും കൂട്ടായ്മയും തിരിച്ചുപിടിച്ച് കരുത്തോടെ മടങ്ങിവരണം എന്നും ജഗദീഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/367839/dont-violate-the-organizations-discipline-jagadish-clarifies-his-stance-on-the-crises-in-amma)