#Latest News #Ernakulam #Sexual Assault
കൊച്ചി: (truevisionnews.com) നഗരത്തിലെ അംഗൻവാടിയിൽ വെച്ച് മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. അംഗൻവാടി ടീച്ചറുടെ മകനായ കാശിനാഥ് (20) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായും അധികൃതർ വ്യക്തമാക്കി.
അംഗൻവാടിയിൽ അനാവശ്യമായി പ്രവേശിച്ച പ്രതി പലതവണ ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അംഗൻവാടികളിൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ, പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നൽകിയതിലും സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, സംഭവത്തിൽ അങ്കണവാടി ടീച്ചറായ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നത് പോലീസ് ഗൗരവമായി പരിശോധിക്കുകയാണ്.
തനിക്ക് പങ്കില്ലെന്നാണ് ടീച്ചർ മൊഴി നൽകിയതെങ്കിലും, കൂടുതൽ വ്യക്തതയ്ക്കായി ഇവരെ വിശദമായി ചോദ്യം ചെയ്യും. അങ്കണവാടിയിലെ ഹെൽപ്പറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. കുട്ടി വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചോദിച്ചറിഞ്ഞപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. സംഭവത്തിന് പിന്നാലെ, മന്ത്രിതല ഇടപെടലിനെ തുടർന്ന് ആരോപണവിധേയയായ ടീച്ചറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അങ്കണവാടിയിൽ നേരിട്ടെത്തി വിശദമായ പരിശോധനകൾ നടത്തി വരികയാണ്.
Content Highlight: Sexual assault on a three-and-a-half-year-old girl at anganwadi
































