ഇടുക്കി:(https://truevisionnews.com/) മാങ്ങാത്തൊട്ടി ടൗണിന് സമീപത്തെ കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ അറുനൂറോളം കോഴികൾ ചത്തു. പ്രദേശത്തെ കർഷകരായ ഇടിക്കുഴിയിൽ വർഗീസ്, പനച്ചിക്കൽ വിജയൻ എന്നിവരുടെ ഫാമുകളിലാണ് ആക്രമണമുണ്ടായത്. കാട്ടുപൂച്ചയോ സമാനമായ മറ്റ് വന്യമൃഗങ്ങളോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വർഷങ്ങളായി ഫാം നടത്തിവരുന്ന വർഗീസിന്റെ അഞ്ഞൂറിലധികം കോഴികളെയാണ് രാത്രി എട്ടു മണിയോടെ അജ്ഞാത ജീവി കൊന്നൊടുക്കിയത്. ചില കോഴികളെ ഭക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ പുലർച്ചെ മൂന്നു മണിയോടെയാണ് വിജയന്റെ ഫാമിലും ആക്രമണമുണ്ടായത്. ഇവിടെ അമ്പതോളം കോഴികൾ ചത്തു.
സംഭവമറിഞ്ഞ് വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മാസങ്ങൾക്ക് മുൻപ് മമ്മട്ടിക്കാനത്തും സമാനമായ രീതിയിൽ രണ്ടായിരത്തോളം കോഴികളെ പൂച്ചപ്പുലി കൊന്നൊടുക്കിയിരുന്നു. ദുരിതത്തിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
About 600 chickens died in an attack by an unknown creature on chicken farms
































