മലപ്പുറം: ( www.truevisionnews.com) വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് 'സ്പൈഡർ സുനി' എന്നറിയപ്പെടുന്ന സുനിൽ പി (47), സഹായി ജിതേഷ് (39) എന്നിവരെ പോലീസ് പിടികൂടി. കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ നിന്നുമാണ് സുനിലിനെ പിടികൂടിയത്. കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ വീട്ടിൽ നിന്നുമാണ് ജിതേഷ് പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെയും വള്ളികുന്നം ഇൻസ്പെക്ടർ സുരേഷ് കുമാർ ആറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നാമ്പുകുളങ്ങര, മങ്ങാരം, കട്ടച്ചിറ, തെക്കേമങ്കുഴി, വട്ടയ്ക്കാട്, കിണറുമുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ അടച്ചിട്ടിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. ശാസ്ത്രീയ തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിവന്ന മോഷണങ്ങളിൽ മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. 40-ഓളം വാഹന മോഷണക്കേസുകളിൽ പ്രതിയായിരുന്ന സുനിൽ ജയിലിൽ വെച്ച് തമിഴ് കുറുവ സംഘത്തിൽ നിന്ന് പഠിച്ച തന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.
അവധി ദിവസങ്ങളിൽ ബുള്ളറ്റിലെത്തി അടച്ചിട്ട വീടുകൾ കണ്ടെത്തുന്ന സുനിൽ, രാത്രിയിൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെ സഞ്ചരിച്ചാണ് മോഷണത്തിനെത്തുന്നത്. സിസിടിവിയിൽ പെടാതിരിക്കാനും ആളുകളെ ഭയപ്പെടുത്താനും ലുങ്കി തലയിലൂടെ പുതച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് ഇയാൾ എത്തിയിരുന്നത്.
ജിതേഷാണ് ഇയാളെ പലപ്പോഴും മോഷണ സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. 30-ഓളം മോഷണങ്ങൾ നടത്തിയതായി സുനിൽ സമ്മതിച്ചു. മോഷ്ടിച്ച മുതലുകൾ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടറും ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറും ഉപയോഗിച്ച് പരിശോധന നടത്തും. പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
'None of the tactics worked'; Kuruva gang's tactics, theft wearing only underwear; 'Spider Suni' and his accomplice arrested

































