മലപ്പുറം: ( www.truevisionnews.com) കൊണ്ടോട്ടി - കൊളപ്പുറം റോഡിലെ മുല്ലപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുത്തൂർ പള്ളിക്കൽ സ്വദേശി വി. ശിവദാസന്റെ മകൻ ആദർശ് (17) ആണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു ആദർശ്. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ആദര്‍ശിന്റെ വിയോഗത്തോടെ മുല്ലപ്പടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ ഒക്ടോബര്‍ 27-ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ ആ അപകടം. കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ഥാര്‍ ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ദിവസം തന്നെ പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ധനഞ്ജയ് (16) മരിച്ചിരുന്നു.
Mullappadi accident: The pain doubles; the second student undergoing treatment also dies

































