തിരുവനന്തപുരം: (https://truevisionnews.com/) തന്റെ പേര് വെട്ടിയതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്താതിരുന്ന സംഭവത്തിൽ പ്രതികരണവുമായി മേയർ വി വി രാജേഷ്.
തന്റെ പേര് വെട്ടിയതല്ലെന്നും ഇത് അനാവശ്യ വിവാദമാണെന്നും മേയർ വി വി രാജേഷ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ രണ്ട് പരിപാടിയിലും മേയറുടെ സാന്നിധ്യം ഉറപ്പാക്കണമായിരുന്നു. അതിനായി പാർട്ടി തീരുമാനിച്ചപ്രകാരമാണ് മേയർ വിമാനത്താവളത്തിൽ പോകാതിരുന്നത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം അനുമതി മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രമാണെന്നും മേയർ പറഞ്ഞു. ബിജെപിയുടെ കോർപ്പറേഷൻ വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മേയർ ഇല്ലാതിരുന്നത് ചർച്ചയായിരുന്നു.
ഗവർണർ രാജേന്ദ്ര അർലേകർ മുതൽ ബിജെപി നേതാക്കൾ വരെ വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇതിലൊന്നും മേയർ വിവി രാജേഷ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് മേയറുടെ അസാന്നിധ്യം ചർച്ചയായത്.
സുരക്ഷാ കാരണങ്ങളാലാണ് മേയർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താതിരുന്നതെന്നാണ് വിവരം. സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയർ തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ മേയർ പോകുന്നത് പതിവാണ്.
തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി മേയർ ഉണ്ടാകുമെന്ന് ഏറെക്കാലമായി ബിജെപി നേതൃത്വം മുഴക്കുന്ന മുദ്രാവാക്യം കൂടിയാണ്. എന്നാൽ വൻ വിജയം നേടി അധികാരം പിടിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോൾ മേയർ ഇല്ലാത്തതിന് കാരണമായി സുരക്ഷാ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്.
VVRajesh explains why he did not attend the Prime Minister's reception





























