പ്രീ-റിലീസ് ഹൈപ്പിനെ അന്വർത്ഥമാക്കുന്ന പ്രകടനവുമായി 'ചത്താ പച്ച' തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി എന്ന വിശേഷണത്തെ നൂറു ശതമാനം നീതീകരിക്കുന്നു എന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിലീസ് ദിനത്തിൽ തന്നെ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിനിമാ ട്രാക്കർമാരുടെ ആദ്യ കണക്കുകൾ പ്രകാരം സമീപകാലത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് ലഭിച്ച ചിത്രങ്ങളിൽ ഒന്നായി 'ചത്താ പച്ച' മാറി.അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ മികച്ച കെമിസ്ട്രിയും ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.'വാൾട്ടർ' എന്ന അതിഥി വേഷത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയപ്പോൾ തിയറ്ററുകൾ പൂരപ്പറമ്പായി മാറി.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയത് 3.9 കോടി ഗ്രോസ് ആണ്. ഓവര്‍സീസ് കണക്കുകള്‍ പുറത്തെത്തിയിട്ടില്ല. വേള്‍ഡ് റെസ്‍ലിംഗ് ഷോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പശ്ചിമ കൊച്ചിയിലെ ഒരു സംഘം ചെറുപ്പക്കാര്‍ തങ്ങളുടെ നാട്ടില്‍ റെസ്‍ലിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഒരേ സമയം തലമുറകളെ ആനന്ദിപ്പിച്ച വേള്‍ഡ് റെസ്‍ലിംഗ് ടെലിവിഷന്‍ കാഴ്ചകള്‍ക്കും കൊച്ചിയുടെ ഗുസ്തി പാരമ്പര്യത്തിനുമുള്ള ട്രിബ്യൂട്ട് ആണ് ചിത്രം.
റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍ഫ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ യഥാക്രമം, ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്.
Thunder in the theaters! 'Chatta Pacha' is soaring at the box office; First day collection reports out

































