കണ്ണൂർ : (https://truevisionnews.com/) കണ്ണൂർ പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെയും ബിജെപി പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ എറിഞ്ഞു തകർത്തു.
സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
രണ്ട് ബിജെപി പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്. ആദിത്യൻ, വൈശാഖ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ഇവർക്കു ക്ഷേത്ര പരിസരത്ത് വച്ച് മർദ്ദനം ഏറ്റെന്നും പരാതിയുണ്ട്.
സംഘർഷം വ്യാപിച്ചതോടെ അക്രമസ്ഥലത്തു കൂടുതൽ പൊലീസിനെ വിന്യസിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുവെട്ടി, പാനുണ്ട മേഖലകളിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ക്ഷേത്രപരിസരത്ത് ഉണ്ടായതെന്നാണ് കരുതുന്നത്.
അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ പ്രനൂപിന് ഭീഷണി ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Attack on the house of Youth Congress BJP workers in Narayani



































