തിരുവനന്തപുരം: ( www.truevisionnews.com ) യുഡിഎഫിനും കോണ്‍ഗ്രസിനും ലീഗിനുമെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചക്ക് വര്‍ഗീയത പറയുകയാണെന്നും വിഡി സതീശൻ പറഞ്ഞു.മതേതരത്വം സംരക്ഷിക്കലാണ്.
ലീഗിന്‍റെയും കോൺഗ്രസിന്‍റെയും ആദ്യ പരിഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍, മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്‍റെയും മൂല്യമങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്.
വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്‍റെ ഭാവിയെ കുറിച്ചോ കേരളത്തിന്‍റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബി.ജെ.പിയുടേയും സംഘ്പരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി.
പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബി.ജെ.പിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്‍റെ മണ്ണില്‍ വിലപ്പോകില്ല. കോണ്‍ഗ്രസിന്‍റെയും ലീഗിന്റെയും യു.ഡി.എഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്.
വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
vd satheesan against pm narendra modi’s speech in kerala





























