പാലക്കാട് : ( www.truevisionnews.com ) പാലക്കാട് പുതുശേരിയില്‍ കാരള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ. ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപമാണെന്നും അക്രമണവും അധിക്ഷേപവും കുട്ടികളെ മാനസികമായി ബാധിച്ചെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ഭയപ്പെട്ടുപോയെന്നും സ്കൂളില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു. രാഷ്ട്രീയം പോലും അറിയാത്ത കുട്ടികളാണ്. എല്ലാ കുട്ടികളും 15 വയസ്സിൽ താഴെയുള്ളവർ. അധിക്ഷേപത്തില്‍ പരാതി കൊടുക്കുമെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.
ഇത് കേരളമാണ് അല്ലാതെ യുപി ഒന്നുമല്ല. കുഞ്ഞു കുട്ടികളാണവര്‍. അവരെയാണ് മദ്യപിച്ചിട്ടുണ്ടെന്നും ക്രിമിനൽ സംഘം ആണെന്നുമെല്ലാം പറയുന്നത്. ഈ പറഞ്ഞ ആളുടെ വീട്ടിലും കുട്ടികളില്ലേ അവര്‍ക്ക് ഈ വയസില്‍ മദ്യം കൊടുത്തിട്ടാണോ വളര്‍ത്തിയത് എന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു. 12 വയസ്സിൽ കുട്ടികൾ മദ്യപിച്ച് ലക്കില്ലാതെ നടക്കുക എന്ന് പറയുമ്പോള്‍ ഒരു അച്ഛൻ എന്ന നിലയില്‍ അതി ഞങ്ങളെ മാനസികമായി ബാധിക്കുന്നുണ്ട്.
ഞങ്ങൾ മക്കളെ വളർത്തുന്നത് ക്രിമിനലാക്കാന്‍ വേണ്ടിയിട്ടൊന്നുമല്ല. ഞങ്ങളുടെ കുട്ടികളെ കുറിച്ച് അറിയണമെങ്കില്‍ വീട്ടില്‍ വന്നു നോക്കിക്കോളൂ. കുട്ടികള്‍ക്കൊന്നും പുറത്തിങ്ങാനോ പേടിച്ചിട്ട് ക്ലാസില്‍ പോകാനോ പറ്റാത്ത അവസ്ഥയാണ്, രക്ഷിതാക്കളില്‍ ഒരാള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് പുതുശേരിയില്‍ കാരള്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. കാരളിന് ഉപയോഗിച്ചിരുന്ന ബാന്റില്‍ സി.പി.എം എന്ന് എഴുതിയത് ചോദ്യം ചെയ്തായിരുന്നു സംഘത്തിന് നേരെ പ്രതിയുടെ ആക്രമണം. സംഭവത്തില്‍ പുതുശേരി സ്വദേശി അശ്വിന്‍ രാജിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിന്നാലെയാണ് ബിജെപി നേതാവ് സി.കൃഷ്ണകുമാറിന്‍റെ പ്രതികരണമെത്തിയത്. സംഘത്തിലെ കുട്ടികള്‍ മദ്യപിച്ചിരുന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. എന്നാല്‍ ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്ന വിശദീകരണമായി.
അറസ്റ്റിലായ അശ്വിൻരാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ആക്രമിക്കപ്പെട്ടത് മാന്യമല്ലാതെ നടത്തിയ കാരളെന്നും ആക്രമിച്ചവരില്‍ ബി.ജെ.പിക്കാരില്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജും പ്രതികരിക്കുകയുണ്ടായി. മാന്യമല്ലാത്ത രീതിയിൽ കാരൾ നടത്തിയാൽ അടി കിട്ടുമെന്നും ഷോഃണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.
palakkad pudussery carol attack parents response bjp insult


































