( https://moviemax.in/) അന്തരിച്ച ചലച്ചിത്രകാരൻ ശ്രീനിവാസന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഉദയംപേരൂരിലെ കണ്ടനാട്ടെ 'പാലാഴി' വീട്ടിൽ എത്തിയ സുരേഷ് ഗോപി ശ്രീനിവാസന്റെ ഭൗതിക ശരീരം സംസ്കരിച്ച ഇടത്ത് പുഷ്പങ്ങൾ അർപ്പിച്ചു. ഡിസംബർ 20ന് രാവിലെ എട്ടരയോടെ ആയിരുന്നു ശ്രീനിവാസന്റെ അന്ത്യം.
ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസം തടസം നേരിടുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. വിവിധ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് 'എന്നും എല്ലാവർക്കും നന്മകൾ നേരുന്നു' എന്ന കുറിപ്പും പേനയും ഭൗതികശരീരത്തിൽ സമർപ്പിച്ചു.
ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന നടനായിരുന്നു ശ്രീനിവാസൻ എന്നാണ് വിയോഗ വാർത്ത പുറത്തുവന്നതിനു പിന്നാലെ സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വയ്‌ക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവം പ്രണാമം അർപ്പിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ജനസാഗരങ്ങളാണ് ഞായറാഴ്ച നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട ശ്രീനിവാസനെ അവസാനമായി കാണാൻ സിനിമാ രംഗത്തുള്ളവർക്കൊപ്പം നിരവധി സാധാരണക്കാരും കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തി. മലയാള സിനിമയിലെ പ്രമുഖർക്ക് പുറമേ തമിഴകത്ത് നിന്ന് നടന്മാരായ സൂര്യയും പാർഥിപനും അന്താഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
Suresh Gopi consoled the family members with floral tributes at Palazhi, where Sreenivasan is resting

































