[moviemax.in] മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഏറെക്കാലമായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചിത്രം, വമ്പൻ ക്യാൻവാസും ശക്തമായ അവതരണവുമാണ് വാഗ്ദാനം ചെയ്യുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തെ ആസ്പദമാക്കിയ കഥയാണ് ‘വൃഷഭ’ പറയുന്നത്.
രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത് എന്ന സൂചന ട്രെയ്‌ലർ നൽകുന്നു. രാജാ വിജയേന്ദ്ര വൃഷഭ എന്ന ശക്തമായ കഥാപാത്രമായും, പുതിയ കാലഘട്ടത്തിലെ ഒരു ബിസിനസുകാരനായും മോഹൻലാൽ എത്തുന്നു.
സ്ക്രീനിൽ അദ്ദേഹത്തിന്റെ മാസ്സ് പ്രകടനം വീണ്ടും അനുഭവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെക അഭിനയിക്കുന്നു. ഷനായ കപൂർ, സാറാ എസ്. ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂറിന്റെ പാൻ ഇന്ത്യൻ അരങ്ങേറ്റ ചിത്രം കൂടിയാണ്.
രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ജനാർദൻ മഹർഷിയും കാർത്തിക്കും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ആൻ്റണി സാംസൺ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കെ. എം. പ്രകാശ് നിർവഹിക്കുന്നു.
സംഗീതം സാം സി. എസ്. ഒരുക്കിയപ്പോൾ, സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയാണ്. പീറ്റർ ഹെയ്ൻ, സ്‌റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. എവിഎസ് സ്റ്റുഡിയോസും ബാലാജി ടെലിഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ശോഭ കപൂർ, ഏകതാ ആർ. കപൂർ എന്നിവരാണ് നിർമ്മാതാക്കൾ.
കേരളത്തിലെ വിതരണ ചുമതല ആശീർവാദ് സിനിമാസിനാണ്. ഒരേ ദിവസം വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന ‘വൃഷഭ’ മികച്ച പ്രേക്ഷക പ്രതികരണം നേടുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
Vrishabha, a pan-Indian film, Brahmanda, in theaters from tomorrow

































