കോഴിക്കോട് : ( www.truevisionnews.com ) വടകര മണിയൂരിൽ ഭാര്യക്കു വേണ്ടി വോട്ടഭ്യര്‍ഥിക്കുന്നതായി ആരോപിച്ച് കുറ്റ്യാടി നിയോജമണ്ഡലത്തിലെ ബിഎൽഒയ്ക്ക് എതിരെ എല്‍ഡിഎഫ് രംഗത്ത്.
മണിയൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാലിച്ചേരി മീത്തല്‍ ഷൈജയുടെ ഭര്‍ത്താവ് ബാബുരാജിനെതിരെയാണ് പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.
166-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആയ ബാബുരാജ് ഭാര്യ നോമിനേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ സ്ഥാനാര്‍ഥിയുടെ കൂടെ ഹാജരായിട്ടുണ്ടെന്നും, സ്ഥാനാര്‍ഥിക്കു വേണ്ടി വീടുകള്‍ കയറി വോട്ട് അഭ്യര്‍ഥിക്കുകയാണെന്നുമാണ് എല്‍ഡിഎഫ് പരാതിയിൽ പറയുന്നത്.
മണിയൂരിലെ അഞ്ചാം വാര്‍ഡ് കൂടി ഉള്‍പ്പെടുന്ന പ്രദേശത്തെ ബിഎല്‍ഒ ആയ ഇദ്ദേഹത്തെ അടിയന്തരമായി ബിഎല്‍ഒ പദവിയില്‍ നിന്നു നീക്കം ചെയ്യണമെന്നും, സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് ഇടതുമുന്നണിയുടെ ആവശ്യം. വടകര എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരനാണ് ബാബുരാജ്.
സ്ഥാനാർത്ഥിയായി നോമിനേഷൻ സമർപ്പിക്കുന്ന അവസരത്തിൽ ഇദ്ദേഹവും സ്ഥാനാർത്ഥിയുടെ കൂടെ ഹാജരായത്തിനുള്ള തെളിവായായ ഫോട്ടോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ ബി. സുരേഷ്ബാബു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും പരാതി നൽകിയിട്ടുണ്ട്.
BLO husband supports his wife who is a maniyur candidate

































