( moviemax.in) മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എ കെ ഫൈസലിന്റെ പരാമർശത്തിനും സോഷ്യൽ മീഡിയയിലെ വിവാദങ്ങൾക്കും പിന്നാലെ പ്രതികരണവുമായി ആദില നൂറ. ഗൃഹപ്രവേശന ചടങ്ങിലേക്ക് തങ്ങളെ കഷണിച്ചിരുന്നുവെന്നും പബ്ലിസിറ്റിക്കോ ക്യാഷിനോ വേണ്ടിയല്ല ഈ പരിപാടിയിൽ പങ്കെടുത്തതെന്നും അവർ പറഞ്ഞു. പക്ഷേ അടുത്ത ദിവസം ഞങ്ങളെ ക്ഷണിച്ചത് തെറ്റാണെന്ന് ഒരു പൊതു പ്രസ്താവന കണ്ടത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ ഈ മറുപടി പങ്കുവെച്ചത്.
'ഞങ്ങളെ ഫൈസൽ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇൻഫ്ലുവെൻസർസ് ആയിട്ടോ ക്യാഷിന് വേണ്ടിയോ പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ല ഞങ്ങൾ പോയത്. ഞങ്ങൾ രണ്ടുപേർക്കും വ്യക്തിപരമായി ക്ഷണം ലഭിച്ചതിനാലാണ് ഞങ്ങൾ പോയത്.
ആ പരിപാടിയിൽ എല്ലാവരും ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു, ഞങ്ങളുടെ പേരുകൾ വിളിച്ചു, ഫോട്ടോ എടുത്തു, ആത്മാർത്ഥമായ ആതിഥ്യമര്യാദയോടെയാണ് ഞങ്ങളോട് എല്ലാവരും അവിടെ പെരുമാറിയത്.
ഞങ്ങളുടെ സാന്നിധ്യം ഒരു പ്രശ്നമാണെന്നോ ഞങ്ങൾ ആവശ്യമില്ലാത്തവരാണെന്നോ ഒരു സൂചനയും ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷേ അടുത്ത ദിവസം രണ്ട് പെൺകുട്ടികളെ ക്ഷണിച്ചത് ഒരു തെറ്റാണെന്നും ഞങ്ങളെ സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും സൂചിപ്പിക്കുന്ന ഒരു പൊതു പ്രസ്താവന കണ്ടത് വളരെ നിരാശാജനകമായിരുന്നു'.
'ഞങ്ങൾ ആരുടെയും വീട്ടിലേക്ക് ഇടിച്ച് കയറിയിട്ടില്ല. ക്ഷണിക്കപ്പെടാതെ ഞങ്ങൾ പങ്കെടുത്തിട്ടില്ല. ഒരു സ്ഥലത്തെയും വ്യക്തിയെയും ഞങ്ങൾ അനാദരിച്ചിട്ടില്ല. ഞങ്ങൾ രണ്ടുപേരും മനുഷ്യരാണെന്ന് തെളിയിച്ചു, അന്തസ്സോടെ ജീവിക്കുന്നു.
ഞങ്ങളെ വേദനിപ്പിച്ച ആ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യുകയും പുതിയത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ആ തിരുത്തലിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇത് എല്ലാവരെയും ഒരു ലളിതമായ സത്യം ഓർമ്മിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു', ആദില നൂറ കുറിച്ചു.
എ കെ ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ നിരവധി താരങ്ങള്‍ക്കൊപ്പം ആദിലയ്ക്കും നൂറയ്ക്കും ക്ഷണം ലഭിച്ചിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇരുവരും പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് ഫൈസല്‍ രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ തന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും തന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ലെന്ന് ഫൈസല്‍ പറഞ്ഞു. അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും പൂര്‍ണ്ണമായി ബഹുമാനിക്കുന്നെന്നും ഫെെസൽ ഫേസ്ബുക്കില്‍ അതിന് ശേഷം കുറിച്ചിരുന്നു.
Noora - Adila, Malabar Gold Director, AK Faisal house entry controversy

































