(moviemax.in) ഒരുപാട് പ്രതിസന്ധികൾ പലതരത്തിൽ നേരിടേണ്ടിവന്ന ബിഗ് ബോസ് സീസണായിരുന്നു കഴിഞ്ഞുപോയത്. പല മത്സരാർത്ഥികളുടെയും മോശം പ്രകടനവും കഴിവുള്ള മത്സരാർത്ഥികളുടെ കൊഴിഞ്ഞു പോക്കുമടക്കം പലതും ആറാം സീസണിനെ സാരമായി ബാധിച്ചിരുന്നു. പ്രധാനമായും പവർ റൂം ഫോക്കസ്ഡ് ആയിരുന്ന സീസൺ 6ന്റെ പരിമിതിയും ഇതുതന്നെയായിരുന്നു. പുറത്തുപോകേണ്ട മത്സരാർത്ഥികൾ ദീർഘനാൾ പവർ റൂമിൽ തുടർന്നത് അർഹതയുള്ള പലരുടെയും പുറത്താവാലിന് വഴിയൊരുക്കയിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സീസൺ 7 എപ്പോൾ എത്തുമെന്ന് കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
ബിഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി പുറത്തുവന്നപ്പോൾത്തന്നെ എന്തൊക്കെയായിരിക്കും ഈ സീസണിൽ അണിയറക്കാർ ഒരുക്കിവച്ചിരിക്കുന്നതെന്ന ചർച്ചകൾക്ക് തുടക്കമായിരുന്നു. ഇപ്പോൾ പുറത്തുവന്ന പ്രൊമോ ആകട്ടെ, ആ ആവേശം വാനോളം ഉയർത്തുന്നതുമാണ്. പൂ ചോദിച്ചവർക്ക് പൂക്കാലം പോലെയൊരു പ്രൊമോ. സിനിമയെ വെല്ലുന്ന ടെക്നിക്കൽ മികവ്, മാസിന് മാസ്, ക്ലാസിന് ക്ലാസ് എന്നിങ്ങനെ ബിഗ് ബോസ് ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം, ഒരുപക്ഷേ അതിനുമപ്പുറം നിറച്ചൊരു പ്രൊമോ.
സേഫ് ഗെയിം, വിക്ടിം ഗെയിം, നന്മരം ഗെയിം, സോപ്പിങ് ഗെയിം തുടങ്ങി ബിഗ് ബോസ് വീട്ടിൽ എങ്ങനെയെങ്കിലും നിലനിൽക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുമുള്ള ഉറച്ച താക്കീതുമായാണ് പുതിയ പ്രൊമോ എത്തിയത്. അത്തരക്കാർക്കുള്ള ഏഴിന്റെ പണി താൻ കരുതി വച്ചിട്ടുണ്ടെന്ന് മോഹൻലാലും പറയുന്നു. ഈ മുന്നറിയിപ്പ് മത്സരാർത്ഥികൾക്ക് മാത്രമല്ല, മോശം ടാസ്കുകളും മോശം ഗെയിമുകളും നൽകരുതെന്ന് സംഘാടകർക്കും മത്സരാർത്ഥികളോടുള്ള ഇടപെടൽ കൂടുതൽ മികച്ചതാക്കണമെന്ന് കോട്ടിട്ട ഹോസ്റ്റ് മോഹൻലാലിനും മുന്നറിയിപ്പ് നൽകുന്നുണ്ട്. ചുരുക്കത്തിൽ ഇതുവരെ കളിച്ച കളികൾ എല്ലാവരും മാറ്റിപ്പിടിക്കുമെന്ന് തന്നെയാണ് പ്രൊമോയിൽ നിന്ന് വ്യക്തമാകുന്നത്.
പ്രേക്ഷകരുടെ പൾസ് അനുസരിച്ച് അണിയറ പ്രവർത്തകർ ഷോയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് കഴിഞ്ഞ സീസണുകളിലും കണ്ടതാണ്. പ്രേക്ഷകർ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീക്കെൻഡ് എപ്പിസോഡുകളിൽ മോഹൻലാൽ മത്സരാർത്ഥികളോട് പറയുകയും അവരെ പരമാവധി ട്രാക്കിലെത്തിക്കാൻ നോക്കുകയും ചെയ്തിരുന്നു. ഏഴിന്റെ പണി എന്ന ഈ പ്രോമോയും അതുതന്നെയാണ് തെളിയിക്കുന്നത്. ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായങ്ങൾ തന്നെയാണ് മോഹൻലാൽ പ്രൊമോയിൽ പറഞ്ഞിരിക്കുന്നതെന്ന് നിരവധിപേർ കമന്റിലും ആവർത്തിക്കുന്നുണ്ട്.
പ്രൊമോകളെ പോലെ തന്നെ ഇത്തവണ ലോഗോയും അല്പം സ്പെഷ്യലാണ്. ഇടതുവശത്ത് ബിഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള 'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത പുതിയ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയുടെയും ചലനാത്മകതയുടെയും സൂചനയാകാം.
ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ ഷോ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മത്സരാർത്ഥികൾക്കായുള്ള ഓഡിഷൻ പുരോഗമിക്കുകയാണ്. ഒന്നിലേറെ കോമണർമാർ ഈ സീസണിലും ഉണ്ടായേക്കും. ഏതായാലും സാധാരണ പുറത്തെടുക്കാറുള്ള സ്ട്രാറ്റജികൾക്കെല്ലാം കട്ട് പറഞ്ഞ നിലയ്ക്ക് മത്സരാർത്ഥികളുടെ പുതിയ അടവുകൾ എന്തൊക്കെയാണെന്ന് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
Bigg Boss Season 7 logo officially released