---
title: "'ദൈവം ഒരു വെളിച്ചമാണ്, നോമ്പെടുത്തല്ല പൊങ്കാലയിട്ടത്'; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി റെനീഷ റഹ്മാൻ"
english_title: "Renisha Rahman responds to cyber attacks"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345738/renisha-rahman-responds-to-cyber-attacks"
published_at: "2026-03-05T12:50:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a92f4d79651_Renisha_Rahman_responds_to_cyber_attacks.jpg"
keywords: []
---

# 'ദൈവം ഒരു വെളിച്ചമാണ്, നോമ്പെടുത്തല്ല പൊങ്കാലയിട്ടത്'; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി റെനീഷ റഹ്മാൻ

> **Lead Summary:** ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി റെനീഷ റഹ്മാൻ. റംസാൻ മാസത്തിൽ റെനീഷ പൊങ്കാലയിട്ടത് ശരിയായില്ലെന്നും, കേവലം പ്രശസ്തിക്ക് വേണ്ടിയാണ് താരം ഇത് ചെയ്തതെന്നുമാണ് പ്രധാനമായും ഉയർന്ന വിമർശനങ്ങൾ. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കും കമന്റുകൾക്കും വ്യക്തമായ മറുപടി നൽകുകയായിരുന്നു റെനീഷ.

## Article Content

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി റെനീഷ റഹ്മാൻ. റംസാൻ മാസത്തിൽ റെനീഷ പൊങ്കാലയിട്ടത് ശരിയായില്ലെന്നും, കേവലം പ്രശസ്തിക്ക് വേണ്ടിയാണ് താരം ഇത് ചെയ്തതെന്നുമാണ് പ്രധാനമായും ഉയർന്ന വിമർശനങ്ങൾ. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കും കമന്റുകൾക്കും വ്യക്തമായ മറുപടി നൽകുകയായിരുന്നു റെനീഷ.

വിശ്വാസത്തിന്റെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെയും, ഒരു ആചാരത്തിൽ പങ്കുചേർന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവർക്കും കൃത്യമായ നിലപാടാണ് റെനീഷ വ്യക്തമാക്കുന്നത്. ആറ്റുകാൽ അമ്മയുടെ തിരുമുറ്റത്തെത്തിയത് ഹൃദയത്തിൽ നിന്നുള്ള ആഗ്രഹപ്രകാരമാണെന്നും അതിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഇല്ലെന്നും താരം സൂചിപ്പിച്ചു.

'നല്ല ഉദ്ദേശത്തോടുകൂടി ചെയ്ത ഒരു കാര്യം തെറ്റായ രീതിയില്‍ ആളുകള്‍ വ്യാഖ്യാനിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. പാളയം പള്ളിയുടെ മുന്നിൽ ഇരുന്ന് പൊങ്കാല ഇടുന്നതിനെ ദിസ് ഈസ് കേരള സ്റ്റോറിയെന്ന് പറയുകയും എന്‍റെ അക്കൗഡിന് താഴെ വന്ന് നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുകയും ചെയ്യുന്ന ഈ രീതി പലരുടെയും ഫ്രസ്ട്രേഷന്റെ പുറത്ത് കാണിക്കുന്നതാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇതിപ്പോൾ നോമ്പ് സമയത്ത് ആയതുകൊണ്ടാണോ ഇങ്ങനെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ നോമ്പ് എടുക്കുന്ന വ്യക്തിയാണ്. ഷൂട്ടിംഗ് സെറ്റിൽ പോലും നോമ്പ് എടുക്കാറുണ്ട്. പൊങ്കാലയുടെ തലേ ദിവസം പോലും ഞാന്‍ നോമ്പ് എടുത്തിരുന്നു. പക്ഷേ പൊങ്കാലയുടെ അന്ന് ഞാൻ നോമ്പെടുത്തിട്ടില്ലായിരുന്നു. ഞാന്‍ നോമ്പും എടുത്തുകൊണ്ടാണ് പൊങ്കാലയിടാന്‍ വന്നതെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അത് അങ്ങനെയല്ല'- റെനീഷ  പ്രതികരിച്ചു.

'പൊങ്കാല ഇടുന്നതിന്റെ തലേ ദിവസം നമ്മൾ ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ എന്നുണ്ട്. അത് ശരിക്കും എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ തലേ ദിവസം എനിക്ക് നോമ്പുള്ളത് കാരണം ഞാൻ നോമ്പ് തുറന്ന ആ ഒരു സമയം മാത്രമേ ഭക്ഷണം കഴിച്ചിട്ടുള്ളൂ. അതും ഞാൻ ഒരു അനുഗ്രഹമായിട്ടാണ് കരുതുന്നത്. വളരെ വിശ്വാസത്തോടെ തന്നെയാണ് ഞാന്‍ എന്‍റെ കന്നി പൊങ്കാലയിട്ടത്. എന്‍റെ ഷൂട്ടിംഗ് സെറ്റില്‍ പലരും പറയുന്നത് കേള്‍ക്കാറുണ്ട് പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ആറ്റുകാല്‍ അമ്മ നടത്തി തരാറുണ്ട് എന്നൊക്കെ. പൊങ്കാല കിറ്റ് ആർക്കൊക്കെയാണ് വേണ്ടത് എന്ന് നമ്മുടെ പ്രൊഡക്ഷന്‍ കൺട്രോളർ ചോദിച്ചപ്പോഴാണ് എന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത വന്നത്. ഒരു ആഗ്രഹം മനസില്‍ കരുതി തന്നെയാണ് ഞാനും പൊങ്കാലയിട്ടത്. ഞാന്‍ എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്ന ഒരാളാണ്. ദൈവങ്ങള്‍ എല്ലാം ഒന്ന് തന്നെയല്ലേ എന്നാണ് ഞാൻ കരുതുന്നത്. ദൈവം എന്ന് പറയുന്നത് ഒരു വെളിച്ചമാണ്. നമ്മളെ മുന്നോട്ട് പോകാൻ ഒരു ശക്തി തരുന്ന, അല്ലെങ്കിൽ ഒരു വിശ്വാസം തരുന്ന, നമുക്ക് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ പറഞ്ഞു കരയാനുള്ള ഒരു ഹോപ്പ് ഓഫ് ലൈറ്റ് എന്ന രീതിയിലാണ് ഞാന്‍ കാണുന്നത്'- റെനീഷ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345738/renisha-rahman-responds-to-cyber-attacks)