(moviemax.in) ടെലിവിഷൻ ഷോ സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയനായ കലാകാരനാണ് തങ്കച്ചന്‍ വിതുര. ഷോകളിലെ ഹാസ്യ പ്രകടനങ്ങൾ തങ്കച്ചനെ മികച്ചതാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ സുഹൃത്തും സഹപ്രവർത്തകനും ആയിരുന്ന അന്തരിച്ച കലാകാരൻ കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് തങ്കച്ചൻ.
ഒരു കലാകാരൻ എന്നതിലുപരി തന്റെ മൂത്ത സഹോദരനെപ്പോലെയായിരുന്നു കൊല്ലം സുധിയെന്ന് തങ്കച്ചൻ അഭിമുഖത്തിൽ പറഞ്ഞു. ''സുധി ചേട്ടനുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമായിരുന്നില്ല. പത്ത് മുപ്പത് വർഷത്തെ ബന്ധമായിരുന്നു. ഒന്നും എനിക്ക് മറക്കാനാകില്ല. പരിപാടിയൊക്കെ കഴിഞ്ഞ് കാപ്പി കുടിക്കാനൊക്കെ എല്ലാവരും ഒത്തുകൂടുന്നത് ഒരു സ്ഥലത്ത് ആയിരിക്കും.
അപ്പോഴൊക്കെ ഞങ്ങൾ കാണുമായിരുന്നു. നല്ലൊരു കലാകാരനായിരുന്നു. ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട ഒരാള്‍ നമ്മുടെ ഇടയില്‍ നിന്ന് പോകുന്നത് വിഷമം തന്നെയാണ്. സ്റ്റാർ മാജിക്കിന്റെ പഴയ എപ്പിസോഡുകളൊക്കെ കാണുമ്പോൾ ഇപ്പോഴും വിഷമമാണ്. ഭാവിയില്‍ എന്തെങ്കിലുമൊക്കെ ആകേണ്ട ഒരു മനുഷ്യനായിരുന്നു'', എന്ന് തങ്കച്ചൻ വിതുര പറഞ്ഞു.
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയെക്കുറിച്ചുള്ള ചോദ്യത്തോടും തങ്കച്ചൻ പ്രതികരിച്ചു. ''രേണു സുധി അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെ. ആരും ഇരുന്നൂറും ഇരുന്നൂറ്റമ്പത് വയസ് വരെയൊന്നും ജീവിച്ചിരിക്കാന്‍ പോകുന്നില്ല. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന മേഖലകളില്‍ അവരവര്‍ക്ക് സന്തോഷം തരുന്ന രീതികളില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ്.
അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കട്ടെ. ജീവിതം കുറച്ചേ ഉളളൂ'', എന്നാണ് തങ്കച്ചൻ പറഞ്ഞത്. ബിഗ്ബോസിലേക്ക് മുൻപ് രണ്ടു തവണ വിളിച്ചെങ്കിലും പോകാൻ ആഗ്രഹം തോന്നിയിട്ടില്ലെന്നും തങ്കച്ചൻ പറഞ്ഞു. ഇത്തവണ ബിഗ് ബോസിലേക്ക് വിളിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
Thankachan vithura is sharing his memories of artist Kollam Sudhi and support renu