(moviemax.in) കൊല്ലം സുധിയുടെ മരണ ശേഷം കുടുംബത്തിനായി കെച്ച്ഇഡിസി എന്ന കൂട്ടായ്‍മ നിർമിച്ചുകൊടുത്ത വീട് ചോരുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രേണു സുധി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസും രംഗത്തെത്തിയിരുന്നു.
എന്നാൽ ഫിറോസ് പറഞ്ഞ കാര്യങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് രേണുവും കുടുംബവും. ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്ന് രേണുവിന്റെ പിതാവ് തങ്കച്ചൻ പറഞ്ഞു. വീട് നിർമ്മിച്ചതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഫിറോസ് ഇതുവരെ തന്നിട്ടില്ലെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.
''ബുൾഡോസർ കൊണ്ടുവന്ന് ഈ വീട് ഇടിച്ച് നിരത്തുമെന്നു വരെ ഫിറോസ് പറഞ്ഞു. കൊല്ലംകാരെ (സുധിയുടെ വീട്ടുകാർ) താമസിപ്പിക്കാനാണത്രേ ഈ വീടുണ്ടാക്കിയത്. അങ്ങനെ ഓർത്താണോ ഈ പിള്ളേർക്ക് നാട്ടുകാർ പൈസ കൊടുത്തത്. എല്ലാ ലോകരും ഈ ഫിറോസും മറന്നു പോകുന്ന ഒരു കാര്യമുണ്ട്, അഞ്ച് വയസ് കഴിഞ്ഞ ഒരു കുഞ്ഞിന്റെ കാര്യം ഇവരാരെങ്കിലും സംസാരിക്കുന്നുണ്ടോ ? ആരവനെ സംരക്ഷിക്കും.
ഞങ്ങള് വേണമെങ്കിൽ നാളെ പോകാം, ഈ കുഞ്ഞിനെ എവിടെ ഇട്ടിട്ട് പോകണോ? അവർക്ക് ഇഷ്ടപ്പെട്ടവരെ ഇവിടെ താമസിപ്പിക്കാം. പക്ഷേ, രേണു ജോലിക്ക് പോകുമ്പോൾ ഈ അഞ്ചര വയസുള്ള കുട്ടിയെ ആരു നോക്കും ?'', എന്നും അഭിമുഖത്തിൽ തങ്കച്ചന്‍ ചോദിക്കുന്നുണ്ട്.വീടിന്റെ തറകെട്ട്, ഭിത്തികെട്ട്, കോണ്‍ക്രീറ്റ് എന്നിവയെല്ലാം നല്ല മാന്യമായിട്ടാണ് ചെയ്‍തതെന്നും എന്നാല്‍ വീട് തേച്ചത് ശരിയല്ലാത്തിനാൽ പല സ്ഥലത്തും ഇളകിപ്പോകുന്നുണ്ടെന്നും തങ്കച്ചൻ പറയുന്നു.
Renu Sudhi father thankachan against the house builders