തെന്നിന്ത്യയുടെ ക്യൂട്ട് സുന്ദരിയായ സാമന്ത രുത്പ്രഭു അവരുടെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ നടിയ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സാമന്തയുടെ ജീവിതത്തില്‍ നടക്കുന്ന പുതിയ ചില സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളുമുണ്ട്. ഒന്നര വര്‍ഷത്തിന് മുകളിലായി മയോസിറ്റിസ് എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലായിരുന്നു നടി.
രോഗം കാരണം പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ മാസങ്ങളോളം നടിയ്ക്ക് വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു. ഈ കാലയളവില്‍ തന്റെ കൂടെ നിന്നവരെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. അടുത്തിടെ തമിഴിലെ ഒരു അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് സാമന്തയ്ക്ക് ചില സര്‍പ്രൈസുകള്‍ ലഭിച്ചത്. അതിലൊന്ന് നടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് രാഹുലായിരുന്നു. നടി വേദിയില്‍ നില്‍ക്കവേയാണ് രാഹുലിനെ സ്റ്റേജിലേക്ക് വിളിക്കുന്നത്. ശേഷം സാമന്തയുമായിട്ടുള്ള ബന്ധത്തെ കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്.
'പതിനേഴ് വര്‍ഷത്തോളമായിട്ട് സാമന്തയും ഞാനും സുഹൃത്തുക്കളാണ്. ഇതിനിടെ ഒരിക്കല്‍ പോലും ഞങ്ങള്‍ വഴക്ക് കൂടിയിട്ടില്ല. അവളുടെ എല്ലാ ആവശ്യങ്ങളില്‍ ഞാനും എന്റെ ആവശ്യങ്ങളില്‍ അവളും കൂടെ നിന്നിട്ടുണ്ട്. സാമിന്റെ കരിയറിന്റെ തുടക്കം മുതല്‍ എല്ലാം നേരില്‍ കണ്ട് കൊണ്ടിരിക്കുകയാണ്. നമ്മള്‍ നന്നായിരിക്കണമെന്ന് നമ്മളെക്കാളും ആഗ്രഹിക്കുന്ന ഒരാള്‍ കൂടെയുള്ളത് വലിയൊരു ബലമാണ്. ഞങ്ങള്‍ പരസ്പരം അങ്ങനെയാണ്.
സ്വയം ഇംപ്രൂവ് ചെയ്യാന്‍ സാമന്ത ശ്രമിക്കുന്നതാണ് ഏറ്റവും വലിയ കാര്യമായി എനിക്ക് തോന്നിയിട്ടുള്ളത്. അവളുടെ ചുറ്റും നൂറ്റിയമ്പത് പേര്‍ നിന്നിട്ട് നീ സൂപ്പറാണെന്ന് പറഞ്ഞാലും ഇല്ല, അതിലെന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞ് ഒന്നും വിടാതെ നന്നാക്കി കൊണ്ടിരിക്കും. ഒത്തിരി കഠിനാധ്വാനം ചെയ്ത് കൊണ്ട് ഓരോ ദിവസവും അവള്‍ ഇംപ്രൂവ് ആയി കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല അത്. പക്ഷേ സാമന്ത അങ്ങനെ ചെയ്യുമെന്നാണ്' രാഹുല്‍ പറയുന്നത്.
ഇതിന് മറുപടിയായി സംസാരിക്കവേ തന്റെ ജീവിതത്തില്‍ രാഹുല്‍ എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് നടിയും പറഞ്ഞു. 'ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ എന്റെ അമ്മയെ പോലെ കുറച്ച് പേരെങ്കിലും ഉണ്ടാവും. അങ്ങനെയുള്ള ചെറിയ ഗ്രൂപ്പിലെ ഒരാള്‍ രാഹുലാണ്. ഞാന്‍ ആരോടും സഹായം ചോദിക്കുന്ന ആളല്ല. അങ്ങനെ ചോദിച്ചിട്ടുണ്ടെങ്കില്‍ അത് രാഹുലിന്റെ അടുത്താണ്. അത്തരമൊരു സാഹചര്യം വന്നത് പോലും എനിക്ക് സുഖമില്ലാതെ ആയപ്പോഴാണ്.
ഒന്നര വര്‍ഷത്തോളമായിട്ട് ഞാന്‍ അസുഖത്തിന്റെ പിടിയിലായിരുന്നു. ആ സമയത്ത് രാഹുലിന് കുഞ്ഞുങ്ങള്‍ ജനിച്ചിട്ടേയുള്ളു. പക്ഷേ ആ കാലത്ത് ഏകദേശം എട്ട് മാസത്തോളം ഇദ്ദേഹം ദിവസവും രാവിലെയും വൈകുന്നേരവും എന്റെ വീട്ടിലേക്ക് വരികയും എനിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് വരെ കൂടെ തന്നെ നിന്നു. ഈ സൗഹൃദത്തിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് അറിയില്ല. എന്റെ സുഹൃത്തും സഹോദരനും എന്റെ രക്തവും എന്റെ സ്വന്തം കുടുംബാംഗം തന്നെയാണ്' എന്നുമാണ് നടി പറഞ്ഞിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി അഭിനയിക്കുന്നതിനിടെയാണ് സാമന്തയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വന്ന് തുടങ്ങിയത്. ഭർത്താവുമായി പിരിഞ്ഞതിന് പിന്നാലെ ആരോഗ്യസ്ഥിതിയും മോശമായി. കഴിഞ്ഞ വർഷങ്ങളിൽ അസുഖത്തിൽ നിന്നും കരകയറാനുള്ള ശ്രമത്തിലായിരുന്നു സാമന്ത. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി വീണ്ടും അഭിനയത്തിൽ സജീവമാവുകയാണിപ്പോൾ.
samantharuthprabhu friend rahul help sickdays